തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഇന്നു മുതല്‍ ബാറുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നത്. സംസ്ഥാനത്ത് 12 സ്റ്റാര്‍ ഹോട്ടലുകള്‍ക്കുകൂടി ബാര്‍ ലൈസന്‍സ് അനുവദിച്ചു. കഴിഞ്ഞദിവസങ്ങളില്‍ അനുവദിച്ച 68 എണ്ണവും മുമ്പ് പ്രവര്‍ത്തിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 20 ബാറുകളും ഉള്‍പ്പെടെ സംസ്ഥാനത്ത് ഇന്ന് മുതല്‍ 100 ബാറുകളാണ് പ്രവര്‍ത്തിച്ച് തുടങ്ങുന്നത്.
പുതിയ മദ്യനയം ശനിയാഴ്ച നിലവില്‍വന്നെങ്കിലും ഒന്നാംതീയതി ഡ്രൈഡേ ആയതിനാല്‍ ബാറുകള്‍ തുറന്നില്ല. ലൈസന്‍സ് പുതുക്കിക്കിട്ടിയവര്‍ക്ക് ഞായറാഴ്ചമുതല്‍ ബാറുകള്‍ തുറക്കാം. 2014 മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ചിരുന്ന ത്രീസ്റ്റാര്‍ പദവിക്ക് മുകളിലുള്ള ഹോട്ടലുകള്‍ക്കാണ് ലൈസന്‍സ് പുതുക്കി നല്‍കിയത്.
കൂടുതല്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നത് എറണാകുളത്താണ്. ഇവിടെ 21 ബാറുകള്‍ക്ക് പുതുതായി ലൈസന്‍സ് അനുവദിച്ചു. എട്ട് പഞ്ചനക്ഷത്ര ബാറുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. പത്തനംതിട്ട, കാസര്‍കോട് ജില്ലയില്‍ ബാര്‍ ലൈസന്‍സിനുള്ള അപേക്ഷ ലഭിച്ചില്ല. തിരുവനന്തപുരം ജില്ലയില്‍ 11 ലൈസന്‍സുകള്‍ പുതുക്കിനല്‍കി. ഇതുള്‍പ്പെടെ 17 ബാറുകള്‍ ഉണ്ട്. ആലപ്പുഴ (2), ഇടുക്കി (1), കണ്ണൂര്‍ (8), കൊല്ലം (3), കോട്ടയം (7), കോഴിക്കോട് (5), മലപ്പുറം (4), പാലക്കാട് (6), തൃശ്ശൂര്‍ (9), വയനാട് (2) എന്നിവിടങ്ങളിലാണ് പുതിയ ലൈസന്‍സ് ലഭിച്ചത്.
എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ ഓരോ അപേക്ഷ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലാണ്. രേഖകളിലെ അവ്യക്തത കാരണം ഒരു അപേക്ഷ തിരുവനന്തപുരത്ത് തിരികെ നല്‍കി. ഇത് തിങ്കളാഴ്ച പരിഗണിക്കും. പുതുക്കുന്നതിന് ലഭിച്ച അപേക്ഷകളൊന്നും നിരസിച്ചിട്ടില്ല. നേരത്തെ ബാറില്ലായിരുന്ന ത്രീസ്റ്റാര്‍ പദവിക്ക് മുകളിലുള്ള ഹോട്ടലുകളുടെ എട്ട് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. അവ സൂക്ഷ്മപരിശോധനയ്ക്കുശേഷം ലൈസന്‍സ് നല്‍കുന്നതിനായി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്.
2014 മാര്‍ച്ച് 31-നു മുമ്പ് സംസ്ഥാനത്ത് 730 ബാറാണുണ്ടായിരുന്നത്. ഇതില്‍ 412 എണ്ണം നിലവാരമില്ലാത്തതിനാല്‍ പൂട്ടി. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രമായി ബാര്‍ലൈസന്‍സ് നിജപ്പെടുത്തിയപ്പോള്‍ 318 കൂടി പൂട്ടി. ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്ന പല ഹോട്ടലുകളും നിലവാരമുയര്‍ത്തിയെങ്കിലും പലതിനും നക്ഷത്ര പദവികള്‍ ലഭിച്ചിട്ടില്ല. ചില ഹോട്ടലുകള്‍ക്ക് നക്ഷത്രപദവി ലഭിച്ചെങ്കിലും ദേശീയ, സംസ്ഥാന പാതയുടെ 500 മീറ്റര്‍ ദൂരപരിധി പ്രതികൂലമായി.
Post Your Comments