ബംഗളൂരു : കേരളത്തില്‍ ബാറുകള്‍ വീണ്ടും തുറക്കുമ്പോള്‍ പബുകളും ബാറുകളും അടച്ചുപൂട്ടുന്ന തിരക്കിലാണ് ബംഗളൂരു. നഗരത്തിലെ രാത്രികളെ സജീവമാക്കിയ എംജി റോഡിലെയും ബ്രിഗേഡ് റോഡിലെയുമെല്ലാം എഴുനൂറോളം മദ്യവില്‍പ്പനശാലകള്‍ക്കാണ് സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് വെളളിയാഴ്ച പൂട്ടുവീണത്.
ഏത് മദ്യവും ഒന്നെടുത്താല്‍ ഒന്ന് ഫ്രീ, ഒന്നര ലിറ്റര്‍ വരുന്ന ഒരു മഗ് ബിയറിന് വെറും 69 രൂപ, എന്ത് കഴിച്ചാലും ബില്ലില്‍ 30 ശതമാനത്തിന്റെ ഡിസ്‌കൗണ്ട്. വെളളിയാഴ്ച ബംഗളൂരുവിലെ പബുകളിലും ബാറുകളിലും രഹസ്യമായി നടന്നു കട കാലിയാക്കല്‍ വില്‍പ്പന. സുപ്രീം കോടതി ദേശീയപാതയോരത്തെ മദ്യക്കടകള്‍ക്ക് പൂട്ടിടണമെന്ന് പറഞ്ഞതോടെ ഗതിയില്ലാതായ മുതലാളിമാര്‍ക്ക് വേറെ വഴിയുണ്ടായില്ല.
എംജി റോഡ്, ബ്രിഗേഡ് റോഡ്, ചര്‍ച്ച് സ്ട്രീറ്റ്, ഇന്ദിരാനഗര്‍, മഡിവാള, കോറമംഗല… അങ്ങനെ ബംഗളൂരുവിനെ ബംഗളൂരുവാക്കുന്ന ആഘോഷവഴികളെല്ലാം ശൂന്യമായി. ആകെ 746 മദ്യശാലകള്‍ പൂട്ടി. നിശാ ആഘോഷങ്ങള്‍ക്കെല്ലാം തിരിച്ചടിയാണിത്.
ബെംഗളൂരു ഒരു പബ് സിറ്റിയെന്നാണ് അറിയപ്പെടുന്നതെന്നും അതില്ലാതാവുന്നത് ആളുകളെ നിരാശരാക്കുമെന്നുമാണ് ആളുകളുടെ അഭിപ്രായം. എന്നാല്‍ കോടികളാണ് സര്‍ക്കാരിന് നഷ്ടം. ദേശീയപാതാ പുനര്‍വിജ്ഞാപനത്തിന് കേന്ദ്രത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. കേന്ദ്രം കനിഞ്ഞാല്‍ ഈ തെരുവുകളില്‍ വീണ്ടും ആളുകൂടും, ആഘോഷമാകും. ഇപ്പോള്‍ ജോലി പോകുന്നതും ആയിരക്കണക്കിന് പേര്‍ക്കാണ്. വിളമ്ബുന്നവര്‍ മുതല്‍ നൃത്തം ചെയ്യുന്നവര്‍ക്ക് വരെ വേറെ ജോലി അന്വേഷിക്കേണ്ടി വരും. മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുക ബുദ്ധിമുട്ടാണ്. പകരം റെസ്റ്ററന്റുകളും കോഫീ ഷോപ്പുകളും ആക്കാനാണ് പദ്ധതി. നഗരത്തിന്റെ രാത്രി ചിത്രം മാറ്റുന്ന നടപടി റദ്ദാക്കുമെന്നാണ് പ്രതീക്ഷ.
Post Your Comments