ബെയ്ജിംഗ്: ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന. അതിർത്തി തർക്കം ചർച്ചയിലൂടെ പരിഹരിക്കാമെന്നും , ഇന്ത്യൻ സൈന്യം ചരിത്രത്തിൽനിന്നു പാഠം ഉൾക്കൊള്ളണമെന്നും ചൈന മുന്നറിയിപ്പ് നൽകി. യുദ്ധത്തിനു തയാറാണെന്ന കരസേനാ മേധാവി ബിപിൻ റാവത്തിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായാണ് ചൈന രംഗത്തെത്തിയത്.
1962ലെ യുദ്ധത്തെ പരാമർശിച്ച മുന്നറിയിപ്പിനോടൊപ്പം ഡോംഗ്ലോംഗ് പ്രദേശത്ത് ഇന്ത്യയുടെ കൈയേറ്റം എന്ന പേരിൽ ഒരു ചിത്രവും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാംഗ് പുറത്തുവിട്ടിട്ടുണ്ട്.
ചർച്ചകൾക്കുള്ള നയതന്ത്ര വഴികൾ തടസമില്ലാതെ അവിടെതന്നെയുണ്ട്. അതിർത്തിയിൽനിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്നും പ്രശ്നപരിഹാരത്തിനുള്ള ഏകമാർഗവും ചർച്ചകൾക്കുള്ള അടിസ്ഥാനവും ഇതാണെന്നും ചൈനീസ് വക്താവ് വ്യക്തമാക്കി. കൂടാതെ ഇന്ത്യ കടന്നുകയറിയെന്ന് ആരോപിക്കുന്ന ചിത്രങ്ങൾ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും വക്താവ് അറിയിച്ചു.
Post Your Comments