ബെംഗളൂരു : ദേശീയ പാതയില്‍ നിന്ന് 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ ജൂലൈ ഒന്നുമുതല്‍ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായി ബെംഗളൂരു നഗരത്തിലെ നൂറോളം പബ്ബുകള്‍ക്ക് ജൂണ്‍ മാസത്തോടെ പൂട്ടുവീഴും. ജൂണ്‍ 22 മുതല്‍ തന്നെ കര്‍ണ്ണാടക എക്‌സൈസ് വകുപ്പ് മദ്യശാലകളുടെ ലൈസന്‍സ് ഉടമകള്‍ക്ക് അടച്ചുപൂട്ടാന്‍ ചൂണ്ടിക്കാണിച്ച് നോട്ടീസ് അയയ്ക്കാന്‍ ആരംഭിച്ചിരുന്നു. ദേശീയപാതയില്‍ 500 മീറ്റര്‍വരെയുള്ള ദൂരപരിധിയില്‍ സ്ഥിതിചെയ്യുന്ന മദ്യശാലകള്‍ ജൂണ്‍ 30ഓടെ അടച്ചുപൂട്ടാനാണ് സുപ്രീം കോടതി ഉത്തരവ്. മദ്യവ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഇതോടെ ബെംഗളൂരുവിലെ എംജി റോഡ്, ബ്രിഗേഡ് റോഡ്, ചര്‍ച്ച് സ്ട്രീറ്റ്, ഇന്ദിരാനഗര്‍ എന്നിവിടങ്ങളിലെ മദ്യശാലകള്‍ക്കാണ് സുപ്രീം കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതോടെ തിരിച്ചടിയാവുക.
ബെംഗളൂരുവില്‍ എംജി റോഡ്, ചര്‍ച്ച് സ്ട്രീറ്റ്, ബ്രിഗേഡ് റോഡ് എന്നിവിടങ്ങളിലായി 340 പബ്ബുകളും ബാറുകളും, 19 സ്റ്റാര്‍ ഹോട്ടലുകളുമാണുള്ളത്. സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതോടെ ഇവയ്‌ക്കെല്ലാം തിരിച്ചടിയാവും. കോടതിയുടെ ലക്ഷ്യം ദേശീയ പാതയിലുള്ള റോഡപകടങ്ങള്‍ ഒഴിവാക്കുകയാണെന്നും നഗരത്തിലെ മദ്യവ്യാപാരം ഇല്ലാതാക്കുകയല്ലെന്നുമാണ് പെകോസ് പബ് ഉടമ കോളിന്‍ ടിംസിന്റെ അഭിപ്രായം. ബെംഗളൂരു ആഗോള ലോകോത്തരമാണെന്നും ഈ ജീവിത രീതിയുടെ ഭാഗമാകാനാണ് ആളുകള്‍ ബെംഗളൂരുവിലെത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ പ്രതിസന്ധി നഗരത്തിലെത്തുന്നവരെ നിരാശരാക്കുമെന്നും കോളിന്‍സ് ചൂണ്ടിക്കാണിക്കുന്നു.
പ്രദേശത്ത് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉള്ളതിനാല്‍ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുക അസാധ്യമാണെന്നാണ് ചര്‍ച്ച് റോഡിലെ മദ്യവ്യാപാരി ചൂണ്ടിക്കാണിക്കുന്നത്. നഗരപരിധിയിലുള്ള റോഡുകള്‍ പരിപാലിക്കുന്നത് ബിബിഎംപിയാണെന്നും ദേശീയ പാതാ അതോറിറ്റിയല്ലെന്നുമാണ് പൊതുമരാമത്ത് വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. ജനറല്‍ പോസ്റ്റ് ഓഫീസില്‍ നിന്നുള്ള ദേശീയ പാത 44, 75, 209, 275, 4,7 എന്നിവ നഗരഹൃദയത്തിലാണ് സ്ഥിതി ചെയ്യുന്നത്. 10 ദിവസം മുമ്പാണ് നിരവധി റോഡുകള്‍ ദേശീയ പാതാ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ദേശീയ പാതാ അതോറിറ്റിയെ സമീപിച്ചിരുന്നു. എന്നാല്‍ ജൂലൈ ഒന്നിന് എല്ലാ മദ്യവില്‍പ്പനയും മരവിപ്പിക്കുമെന്ന് കാണിച്ച് ലൈസന്‍സ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയതായി എക്‌സൈസ് വകുപ്പ് ചൂണ്ടിക്കാണിക്കുന്നു.
Post Your Comments