കൊച്ചി: സുനിയ്ക്ക് ജയിലിന് പുറത്തുനിന്ന് പ്രബലനായ ശക്തിയുടെ സഹായം ഉണ്ടെന്ന് പൊലീസ്. നടിയെ ആക്രമിച്ച കേസ് ഇപ്പോള്‍ വഴിമാറുകയാണ്. നടിയെ ആക്രമിച്ച കേസില്‍ വൈകാതെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞതിന്റെ ക്രെഡിറ്റ് പോലീസിനുണ്ടെങ്കിലും പിന്നീടുണ്ടായ സംഭവങ്ങള്‍ അവരെ കുഴയ്ക്കുന്നതാണ്. സിനിമാരംഗത്തുള്ളവര്‍ തമ്മിലുള്ള പകയും ഈഗോയുമൊക്കെ കേസിന്റെ പിന്നിലുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
നടി ആക്രമിക്കപ്പെട്ടതുമുതല്‍ ഊഹാപോഹങ്ങളുടെ പ്രവാഹമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്തു കഥകളെഴുതിയവര്‍ ധാരാളം. അന്നുതന്നെ പല നടന്മാരെയും മറ്റു ചലച്ചിത്രപ്രവര്‍ത്തകരെയും പ്രതികളാക്കി കഥകള്‍ പ്രചരിച്ചു. പ്രതികളായ പള്‍സര്‍ സുനിയും കൂട്ടാളികളും അറസ്റ്റിലായതിനുശേഷവും ഇത്തരം പ്രചാരണങ്ങളുണ്ടായി. ഊഹാപോഹങ്ങള്‍ മാത്രമായതിനാല്‍ അതിന്റെ പിന്നാലെ പോകാന്‍ പോലീസ് തയ്യാറായില്ല.
വളരെ വിവാദമായ കേസില്‍ ജയിലലടയ്ക്കപ്പെട്ട ആളായിരുന്നിട്ടും സുനിക്ക് അവിടെ സ്വതന്ത്രമായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ സാധിച്ചുവെന്നത് ഗൗരവമുള്ള കാര്യമാണ്. പ്രതിക്ക് ശക്തമായ സ്വാധീനമുണ്ടെന്നതിന്റെ തെളിവാണിത്. പുറത്തുള്ള ആരോ കാര്യമായി സഹായിക്കുന്നുണ്ട് എന്ന് വ്യക്തം. അത് ആരാണെന്നു കണ്ടെത്തിയാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന നടത്തിയത് ആരെന്ന് വ്യക്തമാകുമെന്നാണ് വിലയിരുത്തല്‍.
സിനിമാരംഗത്തെ വ്യക്തികള്‍ തമ്മിലുള്ള പകയും വിദ്വേഷവും മുതലെടുക്കാന്‍ വലിയൊരു സംഘം പുറത്ത് കാത്തുനില്‍പ്പുണ്ട് എന്നാണ് ഈ കേസ് തെളിയിക്കുന്നത്. അവര്‍ പ്രബലരുമാണ്. സിനിമാരംഗത്തെ ചിലരുമായി അവര്‍ക്കുള്ള അവിശുദ്ധ കൂട്ടുകെട്ട് ചില സെറ്റുകളില്‍ സംഘര്‍ഷമുണ്ടാക്കിയിട്ടുണ്ടെങ്കിലും അതവിടം വിട്ട് പുറത്തുപോയിട്ടില്ല.
ഈ കേസ് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ക്കൂടി നടക്കുന്ന പ്രചാരണങ്ങളെയും ചര്‍ച്ചകളെയും പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ‘ഏതുകേസിലും എതിരാളികള്‍ കുറച്ചുകാലം അകത്തുകിടക്കട്ടെയെന്ന് ആരെങ്കിലുമൊക്കെ ആഗ്രഹിക്കും. പക്ഷേ, പോലീസിനെ സംബന്ധിച്ചിടത്തോളം കൃത്യമായ തെളിവുകിട്ടാതെ ആരെയും കേസില്‍ വലിച്ചിഴക്കില്ല.’-മധ്യമേഖല ഐ.ജി.പി. വിജയന്‍ പറഞ്ഞു.
Post Your Comments