
ന്യൂഡൽഹി : കുറച്ചുനാളുകളായി നിറം മങ്ങിയ അൽ ഖായിദ ശക്തിപ്രാപിക്കുന്നതായി റിപ്പോർട്ട്. ഇത്തവണ ഭീകരസംഘടനയായ അൽ ഖായിദയുടെ ലക്ഷ്യം ഇന്ത്യൻ ഉപഭൂഖണ്ഡമാണ്. സവിശേഷമായ രീതിയിലാണ് അൽ ഖായിദ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നത്. ഇന്ത്യൻ സുരക്ഷാ സംവിധാനങ്ങളെ തകർക്കുക. ഹിന്ദു ‘വിഘടനവാദി’ സംഘടനകളെ ആക്രമിക്കുക എന്നീ ലക്ഷ്യങ്ങളാണ് അൽ ഖായിദക്കുള്ളത്. ഭീകരസംഘടനയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അംഗങ്ങൾക്കായി സംഘടന പുറത്തിറക്കിയ രേഖയിലാണ് ഇത്തരം വിവരങ്ങൾ.
ഇന്ത്യൻ സൈനികരെ ലക്ഷ്യമിട്ടാണ് പദ്ധതികൾ സംഘടന വിഭാവനം ചെയുന്നത്. ഡ്യൂട്ടിയിലായാലും അല്ലെങ്കിലും സൈനികരെ ആക്രമിക്കാണ് നീക്കമെന്നാണ് രേഖയിൽ പറയുന്നത്. യുദ്ധമുഖത്തോ, ബാരക്കിലോ, സൈനിക ബേസുകളിലോ ആകട്ടെ, സൈനികരെ ആക്രമിക്കാൻ മടിക്കില്ലെന്ന കൃത്യമായ സൂചനകൾ ഈ രേഖയിലുണ്ട്.
ഇന്ത്യൻ സൈന്യം പോരാടുന്നത് ശരീയത്ത് നിയമത്തിനെതിരെയാണ്.
അതിനാൽ ശത്രു സൈനികർ ഡ്യൂട്ടിയിലായാലും അല്ലെങ്കിലും ലക്ഷ്യം വയ്ക്കുമെന്നാണ് വിശദീകരണം.
സാധാരണ സൈനികരേക്കാൾ ഓഫിസർമാരെ ലക്ഷ്യമിടാനും പ്രത്യേക നിർദ്ദേശം സംഘടന നൽകുന്നു. കൂടുതൽ സീനിയറായ ആളുകളെ ആദ്യം ലക്ഷ്യംവച്ച് കൊലപ്പെടുത്തണം. കശ്മീരി യുവാക്കളുടെ രക്തക്കറ പുരണ്ട സെെനികരെ ആദ്യം കൊലപ്പെടുത്തണം.രേഖ പുറത്തായതോടെ, ഇതേക്കുറിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ സംഘങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
അതേസമയം, സാധാരണക്കാരായ ഹിന്ദുക്കളെയോ മുസ്‍ലിംകളെയോ ബുദ്ധമത വിശ്വാസികളെയോ ആക്രമിക്കില്ലെന്നും രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മതവിശ്വാസികളുടെയും ആരാധനാലയങ്ങളും ആക്രമിക്കാൻ ശ്രമിക്കില്ലെന്നും രേഖയിൽ പറയുന്നു.
Post Your Comments