വാഷിങ്ടണ്‍ : ഇന്ത്യയും യുഎസും തമ്മിലുള്ള സൈനിക സഹകരണവും ആയുധ കൈമാറ്റവും ശക്മമാക്കാന്‍ യു.എസ് തീരുമാനിച്ചു. വൈറ്റ് ഹൗസ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഈ സഹകരണം പാക്കിസ്ഥാനെ ബാധിക്കില്ലെന്ന് വൈറ്റ്ഹൗസ് അറിയിച്ചിട്ടുണ്ട്. യുഎസ് ഇന്ത്യയ്ക്ക് ആയുധങ്ങള്‍ കൈമാറുന്നതില്‍ പാക്കിസ്ഥാന്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വൈറ്റ്ഹൗസ് വക്താവ് പ്രതികരിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം 25, 26 തീയതികളിലാണ് മോദിയുടെ യുഎസ് സന്ദര്‍ശനം. ജൂണ്‍ 26നാണ് മോദി വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നത്.
ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ സംഘര്‍ഷത്തിന് തിരിതെളിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് യുഎസിന് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും നേരിട്ടുള്ള ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് യുഎസ് നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു. മോദി–ട്രംപ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകാനിടയുള്ള പ്രതിരോധ കരാറുകള്‍ പാക്കിസ്ഥാനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ഇന്ത്യയ്ക്ക് അത്യാധുനിക പ്രിഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ വില്‍ക്കാന്‍ യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കിയിരുന്നു. 22 ആളില്ലാ വിമാനങ്ങള്‍ വില്‍ക്കാനാണ് അനുമതി. മൂന്നു ബില്യണ്‍ ഡോളറിന്റെ ഇടപാടാണിത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് യുഎസില്‍നിന്ന് അറിയിപ്പും ലഭിച്ചിരുന്നു.
നാറ്റോയ്ക്ക് പുറത്തുള്ള രാജ്യത്തിന് യുഎസ് ആദ്യമായാണ് ഡ്രോണുകള്‍ വില്‍ക്കുന്നതെന്ന സവിശേഷതയും ഈ ഇടപാടിനുണ്ട്. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ബറാക് ഒബാമയുടെ നയം തുടരാന്‍ ഡോണള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നതിന്റെ തെളിവാണ് ഇതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. നാറ്റോ ഇതര സഖ്യകക്ഷിയെന്ന നിലയില്‍ പാക്കിസ്ഥാന് യുഎസ് നല്‍കിവരുന്ന മുന്‍ഗണന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് സെനറ്റര്‍മാര്‍ യുഎസ് കോണ്‍ഗ്രസില്‍ ബില്‍ അവതരിപ്പിച്ച സമയത്തുതന്നെയാണ് ഇന്ത്യയ്ക്ക് ഡ്രോണുകള്‍ വില്‍ക്കാനുള്ള പദ്ധതിക്കും അനുമതി ലഭിച്ചതെന്നത് ശ്രദ്ധേയമാണ്. ഭീകരവാദത്തിനെതിരെ പോരാടുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സഖ്യകക്ഷി സ്ഥാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റര്‍മാര്‍ ബില്‍ അവതരിപ്പിച്ചത്.
Post Your Comments