കട്ടപ്പന: റീസര്‍വേയിലെ പിഴവ് കട്ടപ്പനയില്‍ അറുനൂറിലേറെ കുടുംബങ്ങള്‍ വഴിയാധാരമായി. റീ-സര്‍വേ ഉദ്യോഗസ്ഥരുടെ തെറ്റിന് പത്തുവര്‍ഷം മുമ്പ് വരെ കരം അടച്ചുവന്നിരുന്ന ഇടുക്കി കട്ടപ്പന ആനവിലാസം വില്ലേജിലെ അറുനൂറിലേറെ കുടുംബങ്ങള്‍ ഇന്ന് സ്വന്തം ഭൂമിയില്‍ കരം അടയ്ക്കാനാകാതെ അഭയാര്‍ത്ഥികളെപ്പോലെയാണ് കഴിയുന്നത്.
260 ഹെക്ടറോളം ഭൂമിയില്‍ 11 വര്‍ഷമായി വസ്തുവിന്റെ കരം അടയ്ക്കാനാവാത്തതിനാല്‍ ഭൂമിക്കുമേലുള്ള ഇവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. അതിനാൽ ഭൂമി വില്‍ക്കാനോ പണയപ്പെടുത്തി ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് പണം വാങ്ങാനോ ഇവര്‍ക്ക് കഴിയില്ല. അതോടൊപ്പം തന്നെ കരമടയ്ക്കാൻ പറ്റാത്തതിനാൽ പുറമ്പോക്ക് ഭൂമിയാണെന്നാരോപിച്ച് തങ്ങളെ കുടിയിറക്കുമോ എന്നും ഈ കുടുംബങ്ങൾ ഭയപ്പെടുന്നു.
2007-2008 കാലത്താണ് ഈ കുടുംബങ്ങളെ വഴിയാധാരമാക്കുന്ന തരത്തിലുള്ള സംഭവം നടക്കുന്നത്. റീസര്‍വേ സൂപ്രണ്ട് മാനദണ്ഡങ്ങള്‍ ലംഘിച്ച് 420 പേര്‍ക്ക് സ്വന്തം ഇഷ്ട പ്രകാരം ഭൂമിയുടെ തണ്ടപ്പേര് നല്‍കി. ഭൂമിയുടെ മഹസറും സ്കെച്ചും തയ്യാറാക്കി നല്‍കുന്ന ജോലി മാത്രമാണ് സൂപ്രണ്ടിനുള്ളു. വില്ലേജ് ഓഫീസറാണ് നിയമപ്രകാരം ഭൂമിക്ക് തണ്ടപ്പേര് നല്‍കി കരം സ്വീകരിക്കേണ്ട ഉദ്യോഗസ്ഥന്‍. അതിനാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു നല്‍കിയ ആധാരങ്ങള്‍ റവന്യൂ വകുപ്പ് റദ്ദാക്കിയതോടെയാണ് ഇവരൊക്കെ കയ്യേറ്റക്കാരായത്. ഇത് കൂടാതെ ചക്കുപള്ളം വില്ലേജിലെ 60 ഹെക്ടര്‍ ഭൂമിയുടെ സര്‍വേ നമ്പരുകള്‍ തെറ്റാണെന്നതിന്റെ പേരില്‍ ഇരുനൂറോളം പേരുടെ ഭൂമി റീസര്‍വേ ചെയാത്തതിനാൽ ഇവര്‍ക്കും കരമടയ്ക്കാന്‍ കഴിയുന്നില്ല.
സര്‍വേ നമ്പര്‍ തെറ്റായിട്ടുള്ള ഭൂമി റീസര്‍വേ ചെയ്യേണ്ടെന്ന നിലപാടിൽ സര്‍വേ ഉദ്യോഗസ്ഥര്‍ ഉറച്ച് നിൽക്കുന്നതിനാൽ ഇക്കാര്യത്തില്‍ അടിയന്തരനടപടി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങൾ.
Post Your Comments