ന്യൂഡല്‍ഹി: ലോക്കറില്‍ സൂക്ഷിക്കുന്ന നിങ്ങളുടെ ആഭരണങ്ങളോ വസ്തുക്കളോ നഷ്ടപ്പെട്ടാല്‍ ബാങ്ക് ഉത്തരവാദിയല്ലെന്ന് ആര്‍ബിഐ. കുഷ് കാല്‍റ എന്ന അഭിഭാഷകന്റെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നല്കിയ ഉത്തരത്തിലാണ് റിസര്‍വ് ബാങ്കും 19 പൊതുമേഖലാ ബാങ്കുകളും ഈ നിലപാട് വ്യക്തമാക്കിയത്.
ആര്‍ബിഐ നല്കിയ ഉത്തരം വായിച്ചു ഞെട്ടിയ അഭിഭാഷകന്, പരാതിയുമായി കോംപറ്റീഷന്‍ കമ്മിഷന് ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ചിട്ടുണ്ട്. വിപണിയിലെ അനാരോഗ്യ പ്രവണതകള്‍ തടയുന്നതിനുള്ള സര്‍ക്കാര്‍ ഏജന്‍സിയാണ് സിസിഐ. ലോക്കര്‍ സേവനത്തിന്റെ കാര്യത്തില്‍ തീര്‍ത്തും അനാരോഗ്യകരമായ നിലപാടാണ് ബാങ്കുകളുടേതെന്ന് അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ജനങ്ങള്‍ വിശ്വാസത്തില്‍ ഏല്‍പ്പിക്കുന്ന വസ്തുവകകള്‍ക്ക് എന്തെങ്കിലും തരത്തില്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ ഉത്തരവാദിത്തമേല്‍ക്കാന്‍ ബാങ്കുകള്‍ തയ്യാറല്ല. എങ്കില്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇന്‍ഷുര്‍ ചെയ്തശേഷം വീട്ടില്‍തന്നെ സൂക്ഷിക്കുന്നതല്ലേ യുക്തം എന്നും അദ്ദേഹം ചോദിക്കുന്നു.
ലോക്കറില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍, ഉപഭോക്താവിന് സംഭവിക്കുന്ന നഷ്ടം തിട്ടപ്പെടുത്തുന്നതിന് പ്രത്യേക മാനദണ്ഡങ്ങളും നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നു.
റിസര്‍വ് ബാങ്കിനു പുറമെ, പൊതുമേഖലാ ബാങ്കുകളും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമേല്‍ക്കാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ലോക്കര്‍ സേവനവുമായി ബന്ധപ്പെട്ട് ബാങ്കിന് ഉപഭോക്താവുമായുള്ള ബന്ധം വീട്ടുടമസ്ഥനും വാടകക്കാരനും തമ്മിലുള്ള ബന്ധത്തിന് സമാനമാണെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ ബാങ്കുകളും റിസര്‍വ് ബാങ്കും വിശദീകരിക്കുന്നത്.
Post Your Comments