ഫോര്‍ഡ് കാർ ഉടമകളുടെ ശ്രദ്ധയ്ക്ക്. അടിയന്തര പരിശോധനയ്ക്കായി 39315 കാറുകള്‍ ഫോർഡ് തിരിച്ച് വിളിക്കുന്നു. യാത്രയ്ക്കിടയില്‍ അപ്രതീക്ഷിതമായി തീപിടിക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്ന് 2004 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ ഫോര്‍ഡിന്റെ ചെന്നൈ പ്ലാന്റില്‍ നിര്‍മിച്ച ഫിസ്റ്റ ക്ലാസിക്, ഒന്നാം തലമുറ ഫിഗോ ഹാച്ച്ബാക്ക് എന്നിവയാണ് കമ്പനി തിരിച്ച് വിളിച്ചത്.
വാഹനത്തിലെ പവര്‍ സ്റ്റിയറിങ് ഫ്‌ളൂയിഡ് അമിതമായ തോതില്‍ ലീക്ക് ആകുന്നതാണ് തീപിടുത്തത്തിനുള്ള കാരണമെന്നാണ് ഫോർഡ് ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന വിവരം. അതോടൊപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഇന്ത്യയില്‍ വലിയ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടാതെ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇതെ കാരണത്താല്‍ ഇന്ത്യയില്‍ നിര്‍മിച്ച് സൗത്ത് ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്ത ഫിഗോ, ഇകോണ്‍ എന്നിവയുടെ പതിനാറായിരം യൂണിറ്റുകളും ഫോര്‍ഡ് സൗത്ത് ആഫ്രിക്ക തിരിച്ച് വിളിച്ചിട്ടുണ്ട്.
2004-2012 കാലയളവിൽ ഈ മോഡലുകള്‍ വാങ്ങിച്ച മുഴുവന്‍ ഉപഭോക്താക്കളെയും എത്രയും പെട്ടെന്ന് ഫോണ്‍ വഴിയോ മെയില്‍ വഴിയോ കമ്പനി/ഡീലര്‍ഷിപ്പ് നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങള്‍ അറിയിക്കും. ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള സര്‍വ്വീസ് സെന്ററില്‍ എത്തിച്ച് വാഹനം പരിശോധിച്ച് തകരാർ കണ്ടെത്തിയാൽ മാറ്റി നല്‍കേണ്ട പാര്‍ട്‌സ്, സര്‍വ്വീസ് ചാര്‍ജ് എന്നിവ പൂര്‍ണമായും കമ്പനി വഹിക്കും.
Post Your Comments