വ്രതശുദ്ധിയിലൂടെ നേടിയ ആത്മസംസ്കരണത്തിന്‍റെ പ്രഭയിലാണ് ലോക മുസ്ലിങ്ങള്‍ ഈദുല്‍ ഫിത്‌ര്‍ ആഘോഷിക്കുന്നത്. ചെറിയ പെരുന്നാള്‍ കൊണ്ട് അര്‍ഥമാക്കുന്നത് വ്രതം വിജയകരമായി അവസാനിക്കുന്നതിന്റെ ആഘോഷമെന്നാണ്.അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ഒരു മാസക്കാലം ശരീരവും മനസും നിയ ന്ത്രിച്ച് വ്രതമനുഷ്ഠിക്കുകയും മറ്റ് ആരാധനാ കര്‍മങ്ങ ളില്‍ മുഴുകുകയും ചെയ്ത ഇസലാം മതവിശ്വാസി കള്‍ക്ക്സന്തോഷത്തിന്റെ സന്ദേശവുമായാണ് ഈദ് വന്നെത്തിയിരിക്കുന്നത്. ചിട്ടയോടെയും സൂക്ഷ്‌മതയോടെയും ഒരു മാസം നീണ്ട വ്രതനിഷ്‌ഠയുടെയും പുണ്യം പങ്കിടുന്ന ഒത്തുചേരല്‍ കൂടിയാണ് ഈദുല്‍ ഫിത്‌ര്‍.
ഈദിന്റെ സുദിനം എത്തിയതോടെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് സമാപനമായിരിക്കുന്നു.ആഘോഷമെന്നാണ് ഈദിന്റെ അര്‍ഥം. വിശ്വാസി സമൂഹത്തോട് ഇസ്‌ലാം കല്പിക്കുന്ന രണ്ട് ആഘോഷങ്ങളാണ് ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്വറും, വലിയ പെരുന്നാള്‍ അഥവാ ഈദുല്‍ അസ്ഹയും. ഈ രണ്ടു ദിനത്തിലും പരിധി ലംഘിക്കാതെ ആഘോഷിക്കാന്‍ മതം അനുവദിക്കുന്നു.അക്രമവും അനീതിയും വ്യാപകമായ ആധുനിക ലോകത്ത് ഈദുല്‍ ഫിത്‌റിന്‍റെ സന്ദേശത്തിന് വര്‍ധിച്ച പ്രസക്തിയുണ്ട്. ദൈവഭക്തിയും ജീവിത സൂക്ഷ്മതയും മനുഷ്യ ഹൃദയങ്ങളിലാണ് കുടികൊള്ളുന്നതെന്ന് പഠിപ്പിച്ച വിശുദ്ധ റമസാന്‍ ഈദുല്‍ ഫിത്‌ര്‍ ദിനത്തിന് നല്‍കുന്ന സ്ഥാനം ഏറെ വലുതാണ്.
നോമ്പുകാലം വിശ്വാസിക്ക് തികഞ്ഞ ആത്മസമര്‍പ്പണത്തിന്റെ കാലമായിരുന്നു. ലോകത്തിലെ പ്രയാസപ്പെടുന്ന ജനത യുടെ നീതിക്കുവേണ്ടി ഒത്തുചേര്‍ന്ന് പൊരുതാനും ഈദ് ദിനം പ്രചോദനമാവുന്നു.അതേസമയം ഈദിന്റെ ദിനമാവട്ടെ, ആത്മനിര്‍വൃതിയുടേതും, അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുന്ന ദിനവും.പെരുന്നാള്‍ ദിനത്തില്‍ സുഗന്ധദ്രവ്യങ്ങള്‍ പൂശുന്നത് പുണ്യമത്രേ. അതിനാല്‍ തന്നെ അത്തറിന് വല്ലാത്ത പ്രിയമാണ്. സുഗന്ധദ്രവ്യങ്ങള്‍ പൂശുന്നത് നബിക്ക് ഇഷ്ടമായിരുന്നെന്ന് ചരിത്രം പറയുന്നുണ്ട്.
സ്‌ത്രീകളും കുട്ടികളും മൈലാഞ്ചിയണിഞ്ഞ് `മൊഞ്ചുള്ള’വരായാണ് ഈദിനെ വരവേല്‍ക്കുന്നത്. ഈദുല്‍ ഫിത്‌റിന്‍റെ പ്രധാന ആചാരങ്ങളില്‍ ഒന്നാണ് ഫിത്‌ര്‍ സക്കാത്ത്.പെരുന്നാള്‍ ദിവസം ഒരൊറ്റ ഭവനവും ദാരിദ്ര്യത്തില്‍ കഴിയരുതെന്ന സന്ദേശം നല്‍കുന്നതിനു കൂടിയാണ് ഫിത്വര്‍ സക്കാത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഹത്തരവും എന്നാല്‍ ക്ലേശകരവുമായ ഒരു നിര്‍ബന്ധകര്‍മം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തി പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ഈദ്.
Post Your Comments