Latest NewsDevotional

‘വ്രതശുദ്ധിയുടെ പുണ്യവുമായി ഈദ്’

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ശാന്തിയുടേയും തക്ബീര്‍ ധ്വനികളുമായി വീണ്ടുമൊരു ഈദുല്‍ ഫിത്ര്‍. വ്രതശുദ്ധിയിലൂടെ നേടിയ ആത്മസംസ്‌കരണത്തിന്റെ പ്രഭയിലാണ് ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നത്. വ്രതസമാപ്തിയുടെ വിജയാഘോഷം എന്നത്രെ ചെറിയ പെരുന്നാള്‍ കൊണ്ട് അര്‍ഥമാക്കുന്നത്.

റമസാന്‍ ഉപവാസത്തിന് സമാപ്തി കുറിച്ച് അസ്തമയ ശോഭയില്‍ പശ്ചിമാകാശത്ത് ഈദുല്‍ ഫിത്ര്‍ അമ്പിളി ഉദയം കൊള്ളുമ്പോള്‍ … അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍… ചിട്ടയോടെയും സൂക്ഷ്മതയോടെയും ഒരു മാസം നീണ്ട വ്രതനിഷ്ഠയുടെയും പുണ്യം പങ്കിടുന്ന ഒത്തുചേരല്‍ കൂടിയാണ് ഈദുല്‍ ഫിത്ര്‍. ഒരു മാസക്കാലം വ്രതാനുഷ്ഠാനങ്ങളിലും പ്രാര്‍ത്ഥനകളിലും ദാനധര്‍മങ്ങളിലും മുഴുകിയ വിശ്വാസികള്‍ക്ക് ആഹ്ലാദിക്കാന്‍ ദൈവത്തില്‍ നിന്ന് ലഭിച്ച അവര്‍ണനീയമായ ദിനമത്രേ ഈദുല്‍ ഫിത്ര്‍.

അക്രമവും അനീതിയും വ്യാപകമായ ആധുനിക ലോകത്ത് ഈദുല്‍ ഫിത്റിന്‍റെ സന്ദേശത്തിന് വര്‍ധിച്ച പ്രസക്തിയുണ്ട്. ദൈവഭക്തിയും ജീവിത സൂക്ഷ്മതയും മനുഷ്യ ഹൃദയങ്ങളിലാണ് കുടികൊള്ളുന്നതെന്ന് പഠിപ്പിച്ച വിശുദ്ധ റമസാന്‍ ഈദുല്‍ ഫിത്ര്‍ ദിനത്തിന് നല്‍കുന്ന സ്ഥാനം ഏറെ വലുതാണ്.

ഈദിന്റെ പ്രഭാതം ആനന്ദത്തിന്റേതാണ്, പള്ളിമിനാരങ്ങളില്‍ നിന്നും കവലകളില്‍നിന്നും നാട്ടുവഴികളില്‍നിന്നും വീടുകളില്‍നിന്നും തെരുവീഥികളില്‍നിന്നും ഈദുല്‍ഫിത്‌റിന്റെ സംഗീതസാന്ദ്രമായ തക്ബീര്‍ധ്വനികള്‍ മുഴങ്ങുന്നു. കുട്ടികളും വലിയവരും പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച് പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്നു.

പെരുന്നാള്‍ ദിനത്തില്‍ സുഗന്ധദ്രവ്യങ്ങള്‍ പൂശുന്നത് പുണ്യമത്രേ. അതിനാല്‍ തന്നെ അത്തറിന് വല്ലാത്ത പ്രിയമാണ്. സുഗന്ധദ്രവ്യങ്ങള്‍ പൂശുന്നത് നബിക്ക് ഇഷ്ടമായിരുന്നെന്ന് ചരിത്രം പറയുന്നുണ്ട്. സ്ത്രീകളും കുട്ടികളും മൈലാഞ്ചിയണിഞ്ഞ് `മൊഞ്ചുള്ള’വരായാണ് ഈദിനെ വരവേല്‍ക്കുന്നത്.

കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് ഈദിന്റെ ആഘോഷങ്ങള്‍ക്ക് പ്രത്യേക സൗന്ദര്യമായിരുന്നു. ഈദുല്‍ ഫിത്റിന്റെ പ്രധാന ആചാരങ്ങളില്‍ ഒന്നാണ് ഫിത്ര്‍ സക്കാത്ത്. ശവ്വാല്‍ ഒന്ന് മാസപ്പിറ ദൃശ്യമായാല്‍ ഫിത്ര്‍ സക്കാത്ത് വിതരണം തുടങ്ങും. സാധുക്കളോടുള്ള ദയ, സമസൃഷ്ടി സ്നേഹം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയവ വിളംബരം ചെയ്യുന്ന സവിശേഷ ദാനമത്രേ ഫിത്ര്‍ സക്കാത്ത്. നിര്‍ബ്ബന്ധ ദാനമായ സക്കാത്തിനു പുറമെയുള്ള ഫിത്ര്‍ സക്കാത്ത് എല്ലാ വീടുകളിലും ഈദുല്‍ ഫിത്ര്‍ ദിനത്തില്‍ എത്തിക്കുന്നു. ആഘോഷദിനത്തില്‍ ആരും തന്നെ പട്ടിണി കിടക്കരുതെന്ന സന്ദേശമാണ് ഫിത്ര്‍ സക്കാത്തിലൂടെ നിറവേറ്റുന്നത്.

ഈദുല്‍ ഫിത്ര്‍ ആഘോഷത്തിലെ പ്രധാന ചടങ്ങാണ് പെരുന്നാള്‍ നമസ്‌കാരം. പുതുവസ്ത്രങ്ങളണിഞ്ഞ്, സുഗന്ധദ്രവ്യങ്ങള്‍ പൂശി എത്തുന്ന ആബാലവൃദ്ധം വിശ്വാസികളെക്കൊണ്ട് നിബിഡമാകുന്ന ഈദുഗാഹുകള്‍ പെരുന്നാളിന്റെ നിരുപമമായ വശ്യതയാണ്. പരസ്പരം പെരുന്നാള്‍ ആശംസകള്‍ നേരുന്നത് ഈദ്ഗാഹുകളിലെ സ്ഥിരം കാഴ്ചയാണ്. അനുഗ്രഹത്തിനുള്ള നന്ദിപ്രകാശനമായ ശുക്റിന്റെ സാഷ്ടാംഗവും വിപത്തുകള്‍ വന്നുപെട്ടാല്‍ നടത്തുന്ന അനുശോചനവും അഥവാ തഹ്‌സിയതും ഇസ്ലാമികമായി അംഗീകൃതമാണ്. ആ ഗണത്തില്‍ പെടുത്താവുന്നതാണ് പെരുന്നാള്‍ ആശംസകളും.

ശാന്തിയുടെയും സഹിഷ്ണുതയുടെയും ദീനാനുകമ്പയുടെയും സമസൃഷ്ടി സ്‌നേഹത്തിന്റെയും വിശ്വസൗഹാര്‍ദ്ദത്തിന്റെയും സന്ദേശമാണ് ലോക ജനതയ്ക്ക് ഈദുല്‍ഫിത്ര്‍ നല്‍കുന്നത്. അക്രമത്തിന്റെയും അനീതിയുടെയും കാര്‍മേഘങ്ങള്‍ എന്നന്നേക്കുമായി നീങ്ങട്ടെ… സാമാധാനത്തിന്റെയും ഐശ്വര്യത്തിന്റെ പ്രഭാതങ്ങള്‍ പുലരട്ടെ… അതിനായി നമുക്ക് പ്രാര്‍ഥിക്കാം… ഏവര്‍ക്കും ഈദ് ഫിത്ര്‍ ആശംസകള്‍…

shortlink

Related Articles

Post Your Comments

Related Articles


Back to top button