Latest NewsKeralaNews

നടിയെ തട്ടിക്കൊണ്ട് പോയ കേസ് പുതിയ വഴിത്തിരിവിലേക്ക്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയില്‍ നിന്ന് നിര്‍ണായക വെളിപ്പെടുത്തലുകള്‍ ലഭിച്ചതായി സൂചന. കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന സുനി സഹ തടവുകാരോട് ആക്രമണത്തെപ്പറ്റിയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റിയും പറഞ്ഞതായാണ് സൂചന. സൂചന ലഭിച്ചതിനെ തുടര്‍ന്ന്‍ നേരത്തെ സുനിക്കൊപ്പം ജയില്‍മുറിയില്‍ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.

ഇതിനെതുടര്‍ന്ന്‍ പോലീസ് ജയിലിലെത്തി ഇതു സംബന്ധിച്ച്‌ മൊഴിയെടുത്തതായും സൂചനയുണ്ട്. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ പോലീസ് അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചേക്കും. ജയിലിനുള്ളില്‍ സുനി എഴുതിയ ഒരു കത്ത് പുറത്തെത്തിച്ചത് ജിന്‍സനാണ്. ഇതേത്തുടര്‍ന്നു സുനിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് ജിന്‍സനെ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

ആലുവ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഹാജരായി മൊഴികള്‍ രേഖപ്പെടുത്താനാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. മൊഴികള്‍ മുദ്രവച്ച കവറില്‍ ഈ കേസ് പരിഗണിക്കുന്ന കോടതിക്കു കൈമാറണം. ഫെബ്രുവരി 17 ന് രാത്രിയാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാനായി ഉപദ്രവിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന കേസില്‍ പീഡനക്കുറ്റമടക്കം ചുമത്തിയാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ഏഴു പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button