![](/wp-content/uploads/2017/06/Syed-Akbaruddin.jpg.image_.784.410.jpg)
ന്യൂഡൽഹി: പാക്കിസ്ഥാനും യുഎസിനും യുഎന്നിനുമെതിരെ വിമര്‍ശനവുമായി ഇന്ത്യ. ഭീകരവാദികൾക്ക് അഭയമൊരുക്കുന്ന പാക്കിസ്ഥാനും ഇതിനെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ മടിക്കുന്നവർക്കുമെതിരെയാണ് ഇന്ത്യയുടെ പരോക്ഷ വിമർശനം. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യുഎന്‍ രക്ഷാ സമിതി യോഗത്തില്‍ സംസാരിച്ച ഇന്ത്യയുടെ യുഎന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീനാണ് വിമര്‍ശനം ഉന്നയിച്ചത്.
ആരുടെയും പേരു പ്രത്യേകം പരാമർശിക്കാതെ അഫ്ഗാൻ മണ്ണിൽ ഈ ഭീകരസംഘടനകൾ വേരുറപ്പിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം അക്ബറുദ്ദീൻ സദസിനു മുന്നിൽ ഉന്നയിച്ചു. രാജ്യാന്തര നിയമങ്ങളും മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട രാജ്യാന്തര മാനദണ്ഡങ്ങളും ലംഘിക്കുന്നതിൽ മുന്നിൽനിൽക്കുന്ന ഈ സംഘടനകളെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ രാജ്യാന്തര സമൂഹം വേണ്ടത്ര ഉത്സാഹം കാട്ടുന്നില്ലെന്നു സയ്യിദ് അക്ബറുദ്ദീൻ അഭിപ്രായപ്പെട്ടു.
ഇവർ അഫ്ഗാനിസ്ഥാനിൽ നിയോഗിക്കപ്പെട്ടിരിക്കുന്ന രാജ്യാന്തര സുരക്ഷാ വിഭാഗങ്ങളെ നിരന്തരം ആക്രമിക്കുന്നു. വളരെ നാളുകളായി അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണങ്ങൾക്കു പിന്നിൽ പാക്ക് പിന്തുണയുള്ള ഭീകരരാണെന്നു അഫ്ഗാന്‍ ഭരണകൂടം ചൂണ്ടിക്കാട്ടുന്നതാണ്. അപ്പോഴും പാക്കിസ്ഥാനുള്ള സൈനികവും അല്ലാത്തതുമായ സഹായം യുഎസ് തുടരുന്നതിലുള്ള വൈരുധ്യവും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്.
അതേസമയം, മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുന്ന ഭീകരസംഘടനകളായ താലിബാന്‍, ഹഖാനി ശൃംഖല, ഐഎസ്, അല്‍ ഖായിദ, ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് എന്നിവയുടെ പേര് അദ്ദേഹം പ്രസംഗത്തില്‍ എടുത്തു പറയുകയും ചെയ്തു.
Post Your Comments