രാംപുര്‍: കൂട്ട മാനഭംഗത്തിന് ഇരയായ സംഭവത്തില്‍ സഹായം അപേക്ഷിച്ചെത്തിയ യുവതിയോട് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കില്‍ ലൈംഗിക ബന്ധത്തിനു സമ്മതിക്കണമെന്നു പൊലീസ് ഉദ്യോഗസ്ഥന്‍. മുപ്പത്തിയേഴുകാരിയായ സ്ത്രീക്കാണു ദുരനുഭവമുണ്ടായത്. ഉത്തര്‍പ്രദേശ് രാംപുരിലെ ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് സംഭവം ഉണ്ടായത്. ഫെബ്രുവരി 12നാണു യുവതിക്കെതിരെ പീഡനം നടന്നതെന്നു പൊലീസ് വ്യക്തമാക്കി.
പൊലീസ് ഓഫിസര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. തന്നെ മാനഭംഗപ്പെടുത്തിയവര്‍ പിന്നാലെയുണ്ടെന്നും അവരെ അറസ്റ്റുചെയ്തു തന്നെ രക്ഷിക്കണമെന്നും സ്റ്റേഷനിലുണ്ടായിരുന്ന എസ്‌ഐ ജയ്പ്രകാശ് സിങ്ങിനോടു യുവതി ആവശ്യപ്പെട്ടു. എന്നാല്‍ എസ്‌ഐയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. താനുമായി ആദ്യം ലൈംഗികബന്ധം നടത്തിയശേഷം കേസില്‍ നടപടിയെടുക്കാം എന്നാണ് എസ്‌ഐ പറഞ്ഞത്.
ആവശ്യം നിരസിച്ച യുവതിയുടെ കേസ് ഫയല്‍ അവസാനിപ്പിച്ചാണ് എസ്‌ഐ പകരംവീട്ടിയത്. പിന്നീട് കോടതി ഇടപെട്ടപ്പോഴാണു കേസെടുത്തത്. ഇതിനിടെ യുവതിയുടെ ഫോണിലേക്കു നിരന്തരം വിളിച്ചു ലൈംഗിക ബന്ധത്തിനു സമ്മതമാണോ എന്നു ചോദിച്ചുകൊണ്ടിരുന്നു. വീട്ടില്‍ ഒറ്റയ്ക്കാണെന്നും വരണമെന്നും യുവതിയോട് എസ്‌ഐ ജയ്പ്രകാശ് സിങ് ആവശ്യപ്പെട്ടു.
നിസഹായയായ യുവതി കേസിന്റെ നടത്തിപ്പിനായി വീണ്ടും ഇതേ പൊലീസ് ഉദ്യോഗസ്ഥനെത്തന്നെ സമീപിച്ചു. എസ്‌ഐയുടെ നിലപാടില്‍ മാറ്റമില്ലായിരുന്നു. തുടര്‍ന്ന് എസ്‌ഐയുടെ സംഭാഷണം രഹസ്യമായി യുവതി റെക്കോര്‍ഡ് ചെയ്തു. ഈ സംഭാഷണത്തിന്റെ സിഡിയുമായി ഇവര്‍ നേരിട്ടു എസ്പിയെ കണ്ട് പരാതിനല്‍കുകയായിരുന്നു.
എസ്പി ഉടനെ അന്വേഷണത്തിന് ഉത്തരവിട്ടു. യുവതിയുടെ പരാതിപ്രകാരം ഗഞ്ച് സ്റ്റേഷന്‍ എസ്‌ഐയ്‌ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് എഎസ്പി സുധാ സിങ് പറഞ്ഞു. യുവതിയെ അറിയാവുന്ന ഒരാളും വേറൊരാളും ചേര്‍ന്നാണു മാനഭംഗപ്പെടുത്തിയത്. ബന്ധുവിനെ സന്ദര്‍ശിച്ചു രാംപുര്‍ സിറ്റിയിലേക്കു മടങ്ങവെ രാത്രിയിലായിരുന്നു സംഭവം.
യുവതിക്കു വാഹനത്തില്‍ ഇടംകൊടുത്ത ഇരുവരും യാത്രയ്ക്കിടെ തോക്കുചൂണ്ടി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ ആദ്യം കേസെടുക്കാന്‍ പൊലീസ് തയാറായില്ല. കേസിന്റെ ആവശ്യത്തിനെന്ന വ്യാജേന നിരന്തരം വിളിച്ചുവരുത്തി എസ്‌ഐ പീഡനവിവരങ്ങള്‍ ചോദിച്ചു രസിച്ചിരുന്നതായും പ്രതിളെ അറസ്റ്റ് ചെയ്യണമെങ്കില്‍ ആഗ്രഹം സാധിച്ചുതരണമെന്ന് ആവശ്യപ്പെട്ടിരുന്നതായും പരാതിക്കാരിയായ യുവതി പറഞ്ഞു.
Post Your Comments