
സൗദി: വെള്ള, ചുവപ്പ് പതാകകൾ വഹിച്ച മൂന്നു ബോട്ടുകൾ കിഴക്കൻ പ്രവിശ്യയിലെ മർജാൻ എണ്ണപ്പാടം ലക്ഷ്യമാക്കി കുതിക്കുന്നത് വെള്ളിയാഴ്ച രാത്രി എട്ടരയോടെ നാവിക സേനയുടെ ശ്രദ്ധയിൽപെടുകയായിരുന്നു. മുന്നറിയിപ്പെന്നോണം നാവികസേന വെടിവെപ്പ് നടത്തിയെങ്കിലും ബോട്ടുകളിലുണ്ടായിരുന്നവർ ഇത് അവഗണിച്ചു. ബോട്ടുകളിൽ ഒന്ന് സൈന്യം പിടിച്ചെടുത്തു. ഭീകരാക്രമണത്തിനുള്ള ആയുധങ്ങൾ ഈ ബോട്ടിൽ കണ്ടെത്തി. മറ്റു രണ്ടു ബോട്ടുകൾ രക്ഷപ്പെട്ടു.
ബോട്ടിലുണ്ടായിരുന്ന മൂന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് ഉദ്യോഗസ്ഥരെ സൗദി നാവിക സേന അറസ്റ്റ് ചെയ്തതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. ബോട്ടിൽ നിറയെ സ്‌ഫോടക വസ്തുക്കളായിരുന്നു. മർജാൻ എണ്ണപ്പാടത്തെ എണ്ണ പ്ലാറ്റ്‌ഫോമിനു നേരെ ഭീകരാക്രമണം നടത്തുന്നതിനായിരുന്നു ഇറാൻ സൈനികരുടെ ലക്ഷ്യമെന്ന കാര്യം ബോട്ടിലെ സ്‌ഫോടക വസ്തുക്കൾ വ്യക്തമാക്കുന്നു. വലിയ തോതിലുള്ള ആൾനാശവും വസ്തുവകകളുടെ നാശവുമാണ് ഇവർ ലക്ഷ്യമിട്ടതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
അതിനിടെ, അന്താരാഷ്ട്ര സമുദ്ര ഗതാഗത അതിർത്തിക്കു സമീപമുള്ള ഓയിൽ പ്ലാറ്റ്‌ഫോമുകൾക്കു അടുത്തേക്ക് തിരമാലയിൽപെട്ട് ഒഴുകിയെത്തിയ രണ്ടു ബോട്ടുകൾക്കു നേരെ സൗദി സൈന്യം വെടിവെപ്പ് നടത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു ബോട്ടിലെ ഡ്രൈവർ വെടിവെപ്പിൽ കൊല്ലപ്പെട്ടതായും ഇറാൻ മാധ്യമങ്ങൾ പറഞ്ഞു. ഡ്രൈവർക്കൊപ്പമുണ്ടായിരുന്ന മകൻ ആക്രമണത്തിൽ രക്ഷപ്പെടുകയും പിതാവിന്റെ മൃതദേഹം ബൂശഹറിൽ എത്തിക്കുകയും ചെയ്തു. രണ്ടാമത്തെ ബോട്ടിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഏപ്രിലിൽ ജിസാനിൽ എണ്ണ വ്യവസായ കേന്ദ്രത്തിനു നേരെ ആക്രമണം നടത്തുന്നതിനുള്ള ഹൂത്തികളുടെ ശ്രമം സൗദി സുരക്ഷാ വകുപ്പുകൾ പരാജയപ്പെടുത്തിയിരുന്നു. യെമനിൽനിന്ന് സ്‌ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ട് എണ്ണ വ്യവസായ കേന്ദ്രം ലക്ഷ്യമാക്കി അയക്കുകയായിരുന്നു.
Post Your Comments