രാമനാഥ് കോവിന്ദ് രാഷ്‌ട്രപതി സ്ഥാനത്തേക്കുള്ള എൻഡിഎ സ്ഥാനാർഥി. ഇന്നുനടന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്. തീർച്ചയായും ഇത് നരേന്ദ്ര മോദിയുടെ മറ്റൊരു ‘ സർജിക്കൽ സ്ട്രൈക്ക് ‘ ആയിരുന്നു. ഒരാൾക്കും എതിർക്കാൻ വയ്യാത്തവിധത്തിൽ ഒരു സ്ഥാനാർഥി. സാധാരണ നിലക്ക് എൻഡിഎക്ക് ജയിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയിൽ സർവർക്കും സ്വീകാര്യമായ ഒരു പേര് മുന്നോട്ടുവെക്കാൻ ബിജെപിക്കായി എന്നത് സുപ്രധാനമാണ്. ഈ പേര് പ്രഖ്യാപിക്കുന്നതിന് മുൻപായി മോഡി തന്നെ പ്രമുഖരുമായി സംസാരിച്ചു. സോണിയ, മൻമോഹൻ സിങ്, നിതീഷ് കുമാർ, നവീൻ പട് നായിക് തുടങ്ങിയവരെ മോഡി നേരിട്ട് വിളിച്ചപ്പോൾ മറ്റു കക്ഷി നേതാക്കളെ അദ്ദേഹത്തിന്റെ സഹ മന്ത്രിമാർ വിളിക്കുകയായിരുന്നു. മറ്റൊരു സ്ഥാനാർഥിയെ നിർത്താൻ പ്രയാസപ്പെടുന്ന നിലയിലേക്ക് പ്രതിപക്ഷനിരയെ എത്തിക്കാനും ഇതിലൂടെ മോദിക്കും സഹപ്രവർത്തകർക്കുമായി.
ഉത്തർ പ്രദേശിൽ നിന്നുള്ള അതീവ പിന്നാക്ക ജാതിയിൽ പെട്ട ഒരാളാണ് നിയമപണ്ഡിതനും സാമൂഹ്യ രംഗത്ത് ദീർഘകാലത്തെ പാരമ്പര്യമുള്ളയാളുമായ രാമനാഥ് കോവിന്ദ്. സുപ്രീം കോടതിയിൽ അദ്ദേഹം അഭിഭാഷകനായിരുന്നു. ബിജെപിയുടെ പട്ടികജാതി മോർച്ച ദേശീയ അധ്യക്ഷൻ, രാജ്യസഭാംഗം എന്നിങ്ങനെ കഴിവ് പ്രകടിപ്പിച്ച അദ്ദേഹം 2015 മുതൽ ബീഹാർ ഗവർണറാണ്.
സാധാരണ നിലക്ക് ഇത്തവണ എൻഡിഎ തീരുമാനിക്കുന്ന ഒരാൾ രാഷ്ട്രപതിയാവും, അതാണ് കണക്കുകൾ കാണിക്കുന്നത്. എൻഡിഎയിലെ ഘടകകക്ഷികളുടെ വകയായി തന്നെ ഏതാണ്ട് 5,27,371 വോട്ടുണ്ട് ; 48.10 ശതമാനം വോട്ട് വരുമിത്. അതിനുപുറമെ അനവധി പ്രാദേശിക കക്ഷികൾ, ബിജെപിയോട് ചേർന്ന് നിൽക്കുന്ന, കേന്ദ്ര സർക്കാരിന്റെ നല്ല നടപടികൾക്ക് പിന്തുണ നൽകുന്ന കക്ഷികൾ വേറെയുമുണ്ട്. തമിഴ്‌നാട്ടിലെ എഐഎഡിഎംകെ അതിലൊന്നാണ്. തെലങ്കാനയിലെ ടിആർഎസ്, ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസാണ് മറ്റൊന്ന്. അവരെല്ലാം ബിജെപിക്ക് നേരത്തെ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇടഞ്ഞുനിന്നത് ശിവസേനയാണ്. അവർ കുറേക്കാലമായി അങ്ങിനെയാണ്. അത് ബിജെപി നേതൃത്വം നേരത്തെ പരിഗണിച്ചിരുന്നു. അതുകൊണ്ട് ഇനി ശിവസേന വിട്ടുമാറി നിന്നാലും തങ്ങളുടെ സ്ഥാനാർഥിക്ക് ജയം ഉറപ്പിക്കാൻ കഴിയുമെന്ന അവസ്ഥ ഉണ്ടാക്കിയിരുന്നു.
ഒറീസയിലെ നവിൻ പട് നായിക്, ബീഹാറിലെ നിതീഷ് കുമാർ എന്നിവരും മനസുകൊണ്ട് ഇത്തവണ ബിജെപിക്കൊപ്പമാണ്. ബിജെപി വൃത്തങ്ങളിൽ പറഞ്ഞുകേൾക്കുന്നത്, നേരത്തെ പ്രധാനമന്ത്രിയെ കണ്ടപ്പോൾ നിതീഷ് സൂചിപ്പിച്ച പേരുകളിൽ ഒന്നാണ് രാമനാഥ് കോവിന്ദിന്റേത് എന്നതാണ്. ഇനിയിപ്പോൾ നിതീഷിന് അദ്ദേഹത്തെ പിന്താങ്ങാതിരിക്കാൻ കഴിയാത്ത അവസ്ഥയായിരിക്കുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . അതുതന്നെയാണ് മുലായം സിങ് യാദവിന്റെ സ്ഥിതിയും. ഇന്നലെത്തന്നെ എൻഡിഎ സ്ഥാനാർഥിയെ പിന്താങ്ങും എന്ന് മുലായം സിങ് യാദവ് വ്യക്തമാക്കിയിരുന്നു. യുപിയിൽ നിന്നുള്ള ഒരു ദളിതൻ ആണ് സ്ഥാനാർഥിയെങ്കിൽ നന്നായി എന്നും അദ്ദേഹം ബിജെപി നേതാക്കളോട് പറഞ്ഞിരുന്നുവത്രെ. മുലയാമിന്റെയും നിതീഷിന്റെയും വോട്ട് ഉറപ്പാക്കുകയാണ് രാമനാഥ് കോവിന്ദിലൂടെ ബിജെപി ചെയ്തത്. ഇന്നിപ്പോൾ രാമനാഥ് കോവിന്ദിന്റെ പേര് അമിത് ഷാ പ്രഖ്യാപിച്ചതിനു പിന്നാലെ നിതീഷ് കുമാർ പാറ്റ്നയിലെ രാജ്ഭവനിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. ബിജെപി അദ്ദേഹത്തെ സ്ഥാനാർഥിയാക്കിയതിൽ അതീവ സന്തുഷ്ടി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. എന്താണ് അത് നൽകുന്ന സൂചന എന്നത് പറയേണ്ടതില്ലല്ലോ. നിതീഷിന് വേണമെങ്കിൽ ഇന്നിപ്പോൾ തന്നെ രാമനാഥ് കോവിന്ദിനെ കാണാതിരിക്കാമായിരുന്നു. അതൊന്നുമല്ല നിതീഷ് ചെയ്തത്, അദ്ദേഹം രാജ്ഭവനിൽ പോയി, അദ്ദേഹത്തെ കണ്ടു; പുറത്തിറങ്ങിവന്നപ്പോൾ പത്രലേഖകരോട് സന്തോഷം പരസ്യമായി പ്രകടിപ്പിച്ചു. കാര്യങ്ങൾ വളരെ വ്യക്തമാണ് എന്നർത്ഥം.
മറ്റൊരു ശ്രദ്ധേയമായ കാര്യം ഇന്നിപ്പോൾ ബിഎസ്‌പി നേതാവ് മായാവതി നടത്തിയ പ്രതികരണമാണ്. ബിജെപി സ്ഥാനാർഥിയെ എതിർക്കുമെന്ന് അവർ പറഞ്ഞില്ല. പിന്നെ നേരത്തെ കൂടിയാലോചിച്ചില്ല എന്നും മറ്റുമാണ് അവർ വിശദീകരിച്ചത്. യുപിയിൽ നിന്നുള്ള മഹാ ദളിത് വിഭാഗത്തിൽ പെട്ടഒരാളെ എതിർക്കാൻ മായാവതിക്കും ഇനിയിപ്പോൾ കഴിയുമെന്ന് കരുതുകവയ്യ. നാളെ മായാവതിയും ബിജെപി സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ അതിശയിക്കാനില്ല. പിന്നെ ആരാണ് പ്രതിപക്ഷത്തുള്ളത് , സി പിഎമ്മും സിപിഐയുമൊ?. കോൺഗ്രസിനും കാര്യങ്ങൾ എളുപ്പമാവില്ല. നിതീഷും മായാവതിയും മറ്റും ഇങ്ങനെ നിൽക്കുമ്പോൾ ബിജെപി സ്ഥാനാർഥിയെ പിന്തുണക്കുന്നതാണ് നല്ലത് എന്ന തീരുമാനത്തിൽ അവർ എത്തിച്ചേർന്നേക്കുമെന്ന് കരുതുന്നയാളാണ് ഞാൻ. മമത ബാനര്ജിയുമായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു സംസാരിച്ചുകഴിഞ്ഞു. “സ്ഥാനാർഥിയെ അറിയില്ല, നോക്കട്ടെ” എന്നാണ് അവർ ആദ്യമായി പ്രതികരിച്ചത്. മമതയ്ക്ക് സിപിഎമ്മിനൊപ്പം നില്ക്കാൻ കഴിയില്ലെന്നത് ആർക്കാണ് അറിയാത്തത്?.
ബിജെപിയാവട്ടെ ഇവിടെ വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്. തങ്ങൾക്കു തനിച്ച് ഒരാളെ രാഷ്ട്രപതിയാക്കാൻ കഴിഞ്ഞവേളയിൽ ഒരു ദളിതനെ അതിനായി തിരഞ്ഞെടുത്തു എന്നത് ചെറിയ കാര്യമല്ല. ഇന്ത്യയുടെ രണ്ടാമത്തെ ദളിത് രാഷ്‌ട്രപതി എന്നതിനപ്പുറം സംഘ പ്രസ്ഥാനങ്ങളുടെ ഭാഗമായ ഒരാൾ റെയ്‌സിന ഹിൽസിലെത്തുന്നു എന്നത് രാഷ്ട്രീയമായി സംഘ പരിവാറിന് വളരെ പ്രധാനപ്പെട്ടതാണ്.
Post Your Comments