ദുബായ് : റംസാന് പ്രമാണിച്ച് പ്രവാസികള്‍ക്ക് വാഹനം വാങ്ങാം. പ്രവാസികളെ ലക്ഷ്യമിട്ട് യു.എ.ഇയിലെ വാഹന വിപണി കൊഴുക്കുന്നു. വിപണിയില്‍ എല്ലാ വാഹന വിതരണക്കാരും മികച്ച ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചെറിയ പലിശനിരക്കിനുപുറമേ ഒരുവര്‍ഷംവരെ പലിശയില്ലാത്ത തിരിച്ചടവാണ് പല വാഹനക്കമ്പനികളും മുന്നോട്ടുവെയ്ക്കുന്ന വാഗ്ദാനം.
ചില ആര്‍ഭാടവാഹനങ്ങളുടെ വിതരണക്കാരുടെ വാഗ്ദാനം അതിലും മികച്ചതാണ്. ഇപ്പോള്‍ ചെറിയതുക നല്കി വണ്ടിയുമായി പോകാം. അടുത്ത റംസാന്കാലംവരെ തിരിച്ചടവും വേണ്ട. അതുവരെയുള്ള പലിശവിഹിതം വിതരണക്കാര്‍ നല്‍കും. ഒരുവര്ഷംകഴിഞ്ഞുമതി നിങ്ങളുടെ തിരിച്ചടവ് തുടങ്ങാന്‍. വാഹനവിപണിയില്‍ പുത്തന്‍ വാഹനങ്ങളുടെ വില്‍പ്പന അല്‍പ്പം കുറഞ്ഞതാണ് ഇത്തരം മികച്ച ഓഫറുകളുമായി കമ്പനികള്‍ രംഗത്തെത്താനുള്ള പ്രധാനകാരണം.
യു.എ.ഇ. ബാങ്കുകളിലെ പൊതുവേയുള്ള ചെറിയ പലിശനിരക്കുകൂടി കണക്കിലെടുത്താല്‍ വാഹനവായ്പ എടുക്കാനും വാഹനം വാങ്ങാനും ഇതാണ് പറ്റിയ സമയമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍, വരുംവര്‍ഷങ്ങളിലും തിരിച്ചടവ് മുടങ്ങാതെ നടത്താന്‍ കഴിയുമെന്ന് ഉറപ്പുള്ളവര്‍ക്കാണ് ഇത് ഏറെ ഗുണംചെയ്യുന്നതെന്നും എല്ലാവരും സമ്മതിക്കുന്നു. മാസശമ്പളത്തിന്റെ തോതനുസരിച്ചായിരിക്കും കിട്ടാന്‍പോകുന്ന വായ്പയുടെയും അളവ് . ഇന്ത്യയിലിങ്ങനെ വാഹനവായ്പ ഇന്ന് ഒരു കടമ്പയല്ല. ന്യൂജെനറേഷന് ബാങ്കുകള്‍ മുതല്‍ പൊതുമേഖലാ ബാങ്കുകള്‍ വരെ വളരെ പെട്ടെന്നുതന്നെ ലളിതമായ വ്യവസ്ഥയില്‍ വാഹനവായ്പ നല്‍കുന്നുണ്ട്.
വാഹന വായ്പയ്ക്ക് അപേക്ഷിക്കുന്നതിനായി ഇന്ത്യയില്‍ താമസമുള്ള ഒരാള്‍ ഗാരന്റീയറായിരിക്കണം. അപേക്ഷകനും ഗാരന്റിയറും 21 വയസ്സിനും 65 വയസ്സിനും മധ്യേപ്രായമുള്ളവരായിരിക്കണം. 65 വയസ്സിന് മുന്‍പ് വായ്പ തിരിച്ചടവ് പൂര്‍ത്തിയാക്കണം. അപേക്ഷകന് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. വിസ, വിദേശത്തെ വരുമാന സര്‍ട്ടിഫിക്കറ്റ്, വിദേശത്ത് കുറഞ്ഞത് രണ്ട് വര്ഷമുണ്ടായിരിക്കണം. വര്‍ക്ക് പെര്‍മിറ്റോ ജോബ് കോണ്ട്രാക്ടോ ഉണ്ടായിരിക്കണം. ആറുലക്ഷം രൂപ ശരാശരി ബാങ്ക് അക്കൗണ്ടിലുണ്ടായിരിക്കണം. എന്നാല്‍ ചില സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ക്ക് എംബസി അറ്റസ്റ്റ് ചെയ്ത സാലറി സര്‍ട്ടിഫിക്കറ്റും ബാങ്ക് സ്റ്റേറ്റ്മെന്റും മതിയാവും.
വിദേശത്ത് വ്യാപാരം നടത്തുന്നവര്‍ രണ്ടുവര്‍ഷത്തെ കമ്പനി ബാലന്‍സ് ഷീറ്റാണ് നല്‍കേണ്ടത്.
Post Your Comments