ന്യൂഡല്‍ഹി : ആധാര്‍ ബാങ്ക് അക്കൗണ്ടുമായി യോജിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ബാങ്കുകള്‍ നിലവില്‍ നല്‍കുന്നുണ്ട്. ആധാര്‍ കാര്‍ഡ് ഓണ്‍ലൈനായി ലിങ്ക് ചെയ്യാവുന്നതാണ്. ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിച്ചാണ് ഓണ്‍ലൈനായി ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാന്‍ സാധിക്കുക. ഇന്റര്‍നെറ്റ് ബാങ്കിങ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തതിന് ശേഷം അപ്‌ഡേറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അതില്‍ അധാര്‍ കാര്‍ഡ് വിവരങ്ങള്‍ കൂട്ടിചേര്‍ക്കാനുള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് നമ്പര്‍ നല്‍കാവുന്നതാണ്. ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്തത് സംബന്ധിച്ച വിവരങ്ങള്‍ ബാങ്ക് നമ്മുടെ മൊബൈല്‍ നമ്പറിലേക്ക് നല്‍കും.
എ.ടി.എം ഉപയോഗിച്ച് ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാം. എസ്.ബി.ഐ ഉള്‍പ്പടെ പൊതുമേഖല ബാങ്കുകള്‍ എ.ടി.എം കൗണ്ടറുകള്‍ ഉപയോഗിച്ച് ലിങ്ക് ചെയ്യാനുള്ള സൗകര്യവൂം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എ.ടി.എം കൗണ്ടറില്‍ കാര്‍ഡ് ഇട്ട ശേഷം പിന്‍ എന്റെര്‍ ചെയ്യുക. അതിന് ശേഷം സര്‍വീസ് എന്ന ഓപ്ഷനില്‍ നിന്ന് രജിസ്‌ട്രേഷന്‍ ക്ലിക്ക് ചെയ്യുക. അതില്‍ നിന്ന് ആധാര്‍ രജിസ്‌ട്രേഷന്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ കൂട്ടിചേര്‍ക്കാവുന്നതാണ്.
എസ്.എം.എസിലൂടെ ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാം. ബാങ്കില്‍ രജിസ്റ്റര്‍ മൊബൈല്‍ നമ്പറില്‍ നിന്ന് എസ്.എം.എസ് അയച്ച് ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാവുന്നതാണ്. ഉദാഹരണമായി എസ്.ബി.ഐ ഉപഭോക്താവാണെങ്കില്‍ UID(space) Aadhaar number(space) Accout number എന്ന ക്രമത്തില്‍ 567676 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചാല്‍ മതിയാകും. ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി ബാങ്ക് ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളുമായി ബന്ധപ്പെടുക.
Post Your Comments