കൊച്ചി•അമുസ്ലിങ്ങളായവരോട് ചിരിക്കരുതെന്നും സഹകരിക്കരുതെന്നും പ്രസ്താവന നടത്തിയ വിവാദ മതപ്രഭാഷകന്‍ ഷംസുദ്ദീന്‍ പാലത്ത് അറസ്റ്റില്‍. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. ഇയാളെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെയ്ക്കുകയായിരുന്നു.
ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2016 സെപ്തംബര്‍ ഏഴിനായിരുന്നു ഷംസുദ്ദീനെതിരേ കേസെടുത്തത്. കാസര്‍കോട് ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് കാസര്‍ഗോഡ് പൊലീസാണ് കേസെടുത്തത്. പിന്നീട് നടക്കാവ് സ്റ്റേഷനിലേക്ക് കേസ് മാറ്റുകയായിരുന്നു. വിമാനത്താവളത്തിലെത്തിയ നടക്കാവ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
ബോധപൂര്‍വം വര്‍ഗീയ കലാപത്തിന് ഇടവരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് യു എ പി എ പ്രകാരമാണ് ഷംസുദ്ദീനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് യു എ പി എ വകുപ്പ് പിന്‍വലിച്ചിരുന്നു. നിലവില്‍ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിട്ടുള്ളത്.
മറ്റ് മതക്കാരോട് ഇസ്ലാം മത വിശ്വാസികള്‍ക്കുള്ള സ്‌നേഹവും ബഹുമാനവും ഒഴിവാക്കണമെന്നും സ്വന്തം സ്ഥാപനങ്ങളില്‍ അന്യമതസ്ഥരെ ജോലിക്ക് നിര്‍ത്താന്‍ പോലും പാടില്ലെന്നും തുടങ്ങിയ വര്‍ഗീയ പരാമര്‍ശങ്ങളായിരുന്നു 2016 ല്‍ ഷംസുദ്ദിന്റെ പ്രസംഗത്തിലുണ്ടായിരുന്നത്. കോഴിക്കോട് കാരപ്പറമ്പില്‍ നടന്ന സലഫി പരിപാടിയിലായിരുന്നു ഷംസുദ്ദീന്റെ പ്രസംഗം.
Post Your Comments