എല്ലാവരുടെ ജീവിതത്തിലും വില്ലനായി കടന്നു വരുന്ന ഒന്നാണ് നടുവേദന. ഭക്ഷണകാര്യത്തിലെ ദുശ്ശീലങ്ങള്‍ ശരീരത്തിലെ കാൽസ്യത്തിന്റെ അളവു കുറച്ച് നടുവേദനയിലേക്കു വഴിതെളിക്കുന്നതും ഇന്നു സാധാരണമാണ്. മാറിയ ജീവിതസാഹചര്യവും അമിതഭാരവും പേശികളെയും സന്ധികളെയും സമ്മര്‍ദ്ദത്തിലാക്കി വേദന സമ്മാനിക്കുന്നു. ആർത്തവവിരാമം വന്ന സ്ത്രീകളിൽ ഹോർമോൺ അളവുകളിലെ വ്യതിയാനമാണു വില്ലൻ. സ്ത്രീഹോർമോണായ ഈസ്ട്രജന്റെ അളവു കുറയുന്നതോടെ എല്ലില്‍ കാത്സ്യം അടിയുന്നതിന്റെ തോത് കുറയുന്നു.
സ്വാഭാവികമായും എല്ലിന്റെ ദൃഢത കുറയും. ഇതും മധ്യവയസ്കരായ സ്ത്രീകളിൽ നട്ടെല്ലിന്റെ വേദന തുടർക്കഥയാകാൻ ഒരു കാരണമാണ്. നടുവേദനയ്ക്ക് പരിഹാരമായി ചെയ്യാവുന്ന യോഗാസനങ്ങളിലൊന്നാണ് മാർജാരാസനം.
ഇരുകാലുകളും പുറകോട്ടു മടക്കിവച്ചു പൃഷ്ഠഭാഗം കാലുകളുടെ ഉപ്പൂറ്റിയിൽ വരത്തക്കവണ്ണം ഇരിക്കുക. അതോടൊപ്പം രണ്ടു കൈകളും മുന്നോട്ടുകയറ്റി തറയിൽ ഉറപ്പിച്ചുകുത്തി പൃഷ്ഠഭാഗം കാലുകളിൽ നിന്നുയർത്തുക. ഇപ്പോൾ പൂച്ച നാലുകാലിൽ നിൽക്കുന്ന അവസ്ഥയായിരിക്കും. കാൽമുട്ടുകൾ തമ്മിലുള്ള അകലവും കൈമുട്ടുകൾ തമ്മിലുള്ള അകലവും ഒരടിയോളം ആയിരിക്കണം.
ഇനി സാവധാനം ശ്വാസം എടുത്തുകൊണ്ട് നട്ടെല്ല് അടിയിലേക്കു വളച്ച് തല മുകളിലേക്കുയർത്തുക. അതേപോലെതന്നെ ശ്വാസം വിട്ടുകൊണ്ട് നടു മുകളിലേക്കുയർത്തുകയും തല താഴ്ത്തുകയും ചെയ്യുക.
ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കാവുന്നതാണ്. ഇതുപോലെ തന്നെ ഒന്നോ രണ്ടോ തവണ കൂടി ആവർത്തിക്കുക. ഈ ആസനം ചെയ്യുമ്പോൾ കൈമുട്ടുകൾ മടങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
Post Your Comments