കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ വധിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് ആഭ്യന്തര വകുപ്പ് അനുമതി നല്‍കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രതികള്‍ക്കെതിരെ ചുമത്തിയതുകൊണ്ടാണ് സര്‍ക്കാരിന്റെ അനുമതി വേണ്ടിവന്നത്.
വിവിധ മതവിഭാഗങ്ങള്‍, വംശങ്ങള്‍ തുടങ്ങിയവര്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്താന്‍ ഉദ്ദേശിച്ച് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്കാണീ വകുപ്പ് ചുമത്തുന്നത്. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി എം.അശോകനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏതാനും ദിവസത്തിനകം കാസര്‍കോട് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണം പൂര്‍ത്തിയായതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതിക്കായി കാക്കുകയായിരുന്നുവെന്ന് പ്രത്യേക സംഘത്തലവന്‍ ഡോ.ശ്രീനിവാസ് അറിയിച്ചു.
മാര്‍ച്ച് 20ന് രാത്രി പതിനൊന്നേമുക്കാലോടെയാണ് ചൂരിയിലെ പള്ളിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസ് മൗലവിയെ (28) കുത്തിക്കൊലപ്പെടുത്തിയത്. കേളുഗുഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു (20), മാത്തെയിലെ നിതിന്‍ (19), കേളുഗുഡെ ഗംഗൈ കേശവ കുടീരത്തിലെ അഖിലേഷേ് എന്ന അഖില്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍.
മാര്‍ച്ച് 23ന് രാത്രി പ്രതികളെ പോലീസ് പിടികൂടിയിരുന്നു. ഇവര്‍ ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജെയിലില്‍ റിമാന്‍ഡിലാണ്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധ്യതയേറിയ സാഹചര്യത്തില്‍ ഇവര്‍ക്കിനി ജാമ്യം കിട്ടാനിടയില്ല. പിടിയിലായ മൂന്നുപ്രതികള്‍ മാത്രമേ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളൂവെന്ന് അന്വേഷണ സംഘം അറിയിച്ചു.
ടി.പി.വധക്കേസില്‍ പ്രതിഭാഗം അഭിഭാഷകനായിരുന്നു സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിതനായ എം.അശോകന്‍. ഇദ്ദേഹത്തെ പ്രോസിക്യൂട്ടറാക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
Post Your Comments