ന്യൂഡൽഹി : ഐഎസിന്റെ ഇന്ത്യൻ വിഭാഗത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന്റെ തലവനായ മുഹമ്മദ് ഷാഫി അർമറിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു. നിരവധി ഇന്ത്യൻ യുവാക്കളെയാണ് ഈ സംഘടനകളിലേക്ക് ഇയാൾ ചേർത്തത്. കഴിഞ്ഞ വർഷം എൻഐഎ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ ജെകെഎച്ചിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 23 പേരെയാണ് അറസ്റ്റ് ചെയ്തത്.
ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ നിർദേശപ്രകാരമാണ് മുഹമ്മദ് ഷാഫി ഇന്ത്യൻ യുവാക്കളെ ഭീകരവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് യൂസഫ് അൽ ഹിന്ദി എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് ഷാഫി അർമറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.
കർണാടക ഭട്കൽ സ്വദേശിയാണ് 27 കാരനായ മുഹമ്മദ് ഷാഫി. ഇയാളുടെ സഹോദരൻ 2015 മാർച്ചിൽ സിറിയയിൽ അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മുഹമ്മദ് ഷാഫി ആഗോള ഭീകരനായി പ്രഖ്യാപിക്കമമെന്ന് ഇന്ത്യ അമേരിക്കയോടും ഐക്യരാഷ്ട്ര സഭയോടും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഐഎസിന്റെ ആശയം പ്രചരിപ്പിക്കാൻ മുഹമ്മദ് ഷാഫി ലക്ഷ്യമിട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗങ്ങൾ പറയുന്നു.
Post Your Comments