തിരുവനന്തപുരം•സംസ്ഥാനത്തെ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ യോഗ ശാസ്ത്രീയമായി അഭ്യസിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ശരീരത്തിന്റെ സന്തുലനമാണ് യോഗാഭ്യാസത്തിന്റെ ലക്ഷ്യം. ഏതെങ്കിലും മതവിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ ഭാഗമല്ല യോഗാഭ്യാസം. യോഗ അഭ്യസിക്കുന്നതോടൊപ്പം നാമതിന്റെ ശാസ്ത്രീയ വശങ്ങള്‍ നിരീക്ഷിക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ യോഗ ഒളിംപ്യാഡില്‍ പങ്കെടുക്കുന്ന കേരള ടീമംഗങ്ങള്‍ക്ക് എസ്. സി. ഇ. ആര്‍.ടി. സംഘടിപ്പിച്ച സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ഒളിംപ്യാഡില്‍ മറ്റെല്ലാ ഇനങ്ങളിലുമെന്ന പോലെ യോഗയിലും നമ്മുടെ സാന്നിധ്യം അടയാളപ്പെടുത്തണമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. യോഗ ഒളിംപ്യാഡില്‍ ഇതാദ്യമായാണ് കേരളത്തില്‍നിന്ന് മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നു പങ്കെടുക്കുന്ന 16 കുട്ടികള്‍ക്കും നാലു പരിശീലകര്‍ക്കുമാണ് സ്വീകരണം നല്‍കിയത്. ചടങ്ങിനുശേഷം യോഗ ഡെമോണ്‍സ്‌ട്രേഷനും നടന്നു.
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് സ്വാഗതം പറഞ്ഞു.
സംസ്ഥാന യോഗ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ജി. ബാലചന്ദ്രന്‍, ജോയന്റ് സെക്രട്ടറി ജെ.എസ്. ഗോപന്‍, എസ്.സി.ഇ.ആര്‍.ടി കരിക്കുലം വിഭാഗം ഹെഡ് ഡോ.എസ്. രവീന്ദ്രന്‍ നായര്‍, റിസര്‍ച്ച് ഓഫീസര്‍ ഡോ. പി.റ്റി. അജീഷ് എന്നിവര്‍ സംബന്ധിച്ചു.
Post Your Comments