അബുദാബി•യു.എ.ഇ സര്‍ക്കാരിന്റെ മനുഷ്യവിഭവശേഷി ഫെഡറല്‍ അതോറിറ്റി, മന്ത്രാലയങ്ങള്‍ക്കും അതോറിറ്റികള്‍ക്കുമുള്ള ഈദുല്‍ ഫിതര്‍ അവധി പ്രഖ്യാപിച്ചു. ഇത് പ്രകാരം ഈദ് അവധി റമദാന്‍ 29 (ജൂണ്‍ 24) ശനിയാഴ്ച ആരംഭിക്കും.
മാസപ്പിറവി ദൃശ്യമാകുന്നതിനനുസരിച്ച് ജൂണ്‍ 25, ഞായറാഴ്ചയാണ് ഈദ് വരുന്നതെങ്കില്‍ ജൂണ്‍ 28 ബുധനാഴ്ച ജോലിയ്ക്ക് പ്രവേശിച്ചാല്‍ മതി. ജൂണ്‍ 26, തിങ്കളാഴ്ചയാണ് ഈദ് എങ്കിലും, അവധി ശനിയാഴ്ച ആരംഭിക്കും. എന്നാല്‍ ജൂലൈ 2 ഞായറാഴ്ച വീണ്ടും ജോലിയില്‍ ഹാജരായാല്‍ മതിയാകും.
യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിഫ ബിന്‍ സയെദ് അല്‍ നഹ്യാന്‍, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം, ദുബായ് കിരീടാവകാശിയും യു.എ.ഇ സൈന്യത്തിന്റെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയെദ് അല്‍ നഹ്യാന്‍, സുപ്രീം കൌണ്‍സില്‍ മെമ്പര്‍മാര്‍, മറ്റ് എമിറേറ്റുകളിലെ ഭരണാധികാരികള്‍ തുടങ്ങിയവരുടെ ഈദ് ആശംസകള്‍ ഫെഡറല്‍ അതോറിറ്റി ജനങ്ങളെ അറിയിച്ചു.
യു.എ.ഇ ജനതയ്ക്കും ലോകമെമ്പാടുമുള്ള എല്ലാ അറബ് മുസ്ലിം രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ഈദ് ആശംസകളും ഫെഡറല്‍ അതോറിറ്റി നേര്‍ന്നു.
Post Your Comments