Latest NewsIndiaNews

പളനിസാമി മന്ത്രിസഭയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ എം എല്‍ എമാര്‍ക്ക് കോഴകൊടുത്തത് ദശകോടികള്‍ :മൊഴി പുറത്ത്

ചെന്നൈ: എടപ്പാടി പളനി സാമി സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി ശശികലയും സംഘവും കോഴ നൽകിയെന്ന് എംഎൽഎമാർ. സൂളൂർ എംഎൽഎ ആർ.കനകരാജ്, മധുര സൗത്ത് എംഎൽഎ എസ്.എസ്.ശരവണൻ എന്നിവരാണു വെളിപ്പെടുത്തൽ നടത്തിയത്. ഒരു സ്വകാര്യ ടിവി ചാനലാണ് ഈകാര്യം പുറത്ത് വിട്ടത്.

എടപ്പാടി സർക്കാരിനെ പിന്തുണയ്ക്കുന്നതിനു തനി അരസ്, കരുണാസ്, തമീമുൽ അൻസാരി എന്നീ എംഎൽഎമാർ 10 കോടി രൂപ വാങ്ങിയെന്നു ശരവണൻ സമ്മതിക്കുന്ന ദൃശ്യങ്ങളാണ് ഒളിക്യാമറയില്‍ പതിഞ്ഞത്. സഖ്യകക്ഷി നേതാക്കളായ ഇവർ അണ്ണാഡിഎംകെ ചിഹ്നത്തിൽ മൽസരിച്ചു ജയിച്ചവരാണ്.

എംഎൽഎമാരെ പാർപ്പിച്ചിരുന്ന കൂവത്തൂർ റിസോർട്ടിൽ നിന്നു സാഹസികമായി ചാടി രക്ഷപ്പെട്ടു പനീർസെൽവത്തോടൊപ്പം ചേർന്ന എംഎൽഎയാണു ശരവണൻ. ശശികല സംഘം ആറു കോടി വീതമാണ് എംഎൽഎമാർക്കു നൽകിയത്. പിന്നീട് ഇതിനു തുല്യമായ സ്വർണം നൽകി. കിട്ടാതെ വന്ന ചിലരാണു മറുപക്ഷത്തേക്കു പോയത്.

തനിക്കൊപ്പം പോന്നാൽ മന്ത്രിസ്ഥാനം നൽകാമെന്നും പനീർസെൽവം പറഞ്ഞു. കൂവത്തൂർ റിസോർട്ടിൽ മദ്യം സുലഭമായി ഒഴുകി. എംജിആറിന്റെ മരണ ശേഷം ജയലളിതയെ രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാൻ സഹായിച്ചതു താനാണെന്ന അവകാശവാദവും തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഉന്നയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button