ബിനിൽ കണ്ണൂർ
കണ്ണൂര്‍: കാത്തിരുന്ന മഴ കനംവെച്ച് പെയ്തപ്പോള്‍ നഗരം കുരുങ്ങിക്കിടന്നത് ഒന്നരമണിക്കൂര്‍. ഓടകള്‍ നിറഞ്ഞതും റോഡില്‍വെള്ളക്കെട്ടുണ്ടായതുമാണ് കുരുക്ക് കൂട്ടാനിടയായത്. പുതിയതെരുമുതല്‍ താഴെച്ചൊവ്വവരെയും നഗരത്തിലും വാഹനങ്ങള്‍ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങിയത്. ഇടറോഡുകളിലേക്ക് വാഹനങ്ങള്‍ വഴിമാറി ഓടിയപ്പോള്‍ അവിടെയും കുരുക്കുവീണു. പോലീസ് പെടാപ്പാടുമായി ഓടിയിട്ടും നഗരത്തിന് ആശ്വാസമുണ്ടാക്കാന്‍ ഒന്നരമണിക്കൂര്‍ വേണ്ടിവന്നു.
അതും മഴയൊന്ന് അയഞ്ഞപ്പോള്‍. 67 സെന്റിമീറ്റര്‍ മഴയാണ് ചൊവ്വാഴ്ച കണ്ണൂരിലുണ്ടായത്. ഉച്ചവരെ ഇരുണ്ടുനിന്നതല്ലാതെ കാര്യമായ മഴയുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ശേഷമാണ് മഴ കനത്തത്. നാലുമണിമുതല്‍ അഞ്ചരവരെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. കൂത്തുപറമ്പ്, തലശ്ശേരി ഭാഗത്തുള്ള ബസ്സുകള്‍ കുരുക്കൊഴിവാക്കാന്‍ സിറ്റിവഴി മാറിയോടി.
പയ്യന്നൂര്‍ ഭാഗത്തുനിന്നുള്ള ബസ്സുകള്‍ കളരിവാതുക്കല്‍ ക്ഷേത്രത്തിനടുത്തൂടെ നഗരത്തിലേക്ക് വന്നു. നഗരത്തിരക്ക് ഒഴിവാക്കാന്‍ കക്കാട്, കുഞ്ഞിപ്പള്ളി റോഡിലൂടെയും വാഹനങ്ങള്‍ പോയതോടെ എല്ലാറോഡിലും തിരക്കായി. ഞായറാഴ്ച രാത്രിയിലും മഴ ശക്തമായിരുന്നു പലയിടത്തും കൃഷികള്‍ നശിച്ചിട്ടുണ്ട്. തയ്യില്‍, നീര്‍ച്ചാല്‍, ചൂട്ടാട്, മാട്ടൂല്‍, തുടങ്ങിയ സ്ഥലങ്ങളിലൊക്കെ കടലേറ്റമുണ്ടായി.
ഞായറാഴ്ച രാത്രി കാല്‍ടെക്‌സിന് സമീപത്തെ പഴയകെട്ടിടം തകര്‍ന്നുവീണു. കെ.എസ്.ആര്‍.ടി.ക്ക് എതിര്‍വശത്ത് ബിവറേജ് ഷോപ്പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ പുറകുവശമാണ് തകര്‍ന്നത്. അര്‍ദ്ധരാത്രിയോടെയാണ് സംഭവം. കാലപ്പഴക്കവും കനത്ത മഴയുമാണ് അപകടത്തിനിടയാക്കിയത്. കടകള്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ടും രാത്രിയായതിനാലും ആര്‍ക്കും പരിക്കൊന്നും പറ്റിയില്ല.
Post Your Comments