ക്ഷേത്രദർശനം നടത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഒരിക്കലും നടയ്ക്കുനേരെ നിന്ന് പ്രാര്‍ത്ഥിക്കരുത്. ദേവീദേവന്മാരുടെ വിഗ്രഹങ്ങളില്‍നിന്നും വരുന്ന ചൈതന്യധാര നേരെ നമ്മിലേക്ക് വരാന്‍ പാടില്ല. അത് താങ്ങുവാനുള്ള ശക്തി നമുക്കില്ല. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ശ്രീകോവിലിന് തൊട്ടടുത്ത് നില്‍ക്കാതെ കുറച്ചു പുറകോട്ട് മാറി വശംചേര്‍ന്ന് കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നതാണ് നല്ലത്.
ശനിദോഷ നിവാരണത്തിനായി എളളുതിരി കത്തിക്കുന്നതിന് പകരം എളളില്‍ നിന്നെടുക്കുന്ന എണ്ണ (നല്ലെണ്ണ) ഒഴിച്ച് 2 തിരിയിട്ട് മണ്‍ചിരാതില്‍ കത്തിക്കുന്നതാണ് നല്ലത്. എള്ള് ഒരു മുളയ്ക്കുന്ന ധാന്യവും ഹോമദ്രവ്യവുമാകയാല്‍ അത് കത്തിക്കുമ്പോള്‍ ഒരു എള്ളുതരിയില്‍നിന്ന് 18000 ആസുരശക്തികള്‍ ഉത്ഭവിക്കുന്നതായും അതിനെ അടക്കാനുള്ള മന്ത്രവിധികള്‍ അറിയാത്തവര്‍ ഇതു ചെയ്യുമ്പോള്‍ കര്‍മ്മം ചെയ്യുന്നവരെത്തന്നെ ഇത് വിപരീതമായി ബാധിക്കുന്നതുമായിട്ടാണ് സങ്കല്‍പ്പം.
ഇതിനുപകരം ക്ഷേത്രങ്ങളില്‍ ശ്രീമഹാദേവനോ, ധര്‍മ്മശാസ്താവിനോ നീരാജ്ഞനം നടത്തുന്നതാണ് നല്ലത്. എള്ള്, കടുക്, ചെറുനാരങ്ങ, കുമ്പളങ്ങ തുടങ്ങിയവ മാന്ത്രിക കര്‍മ്മങ്ങളില്‍ ഉപയോഗിക്കുന്ന വസ്തുക്കളാണ്. ഇതുപോലെതന്നെയാണ് നാരങ്ങാവിളക്കും, ചെറുനാരങ്ങാ മാലയും.
പാഴ്‌വസ്തുവായ നാരങ്ങാത്തോടില്‍ എണ്ണയൊഴിച്ച് വിളക്ക് കത്തിക്കുന്നതും, സിട്രിക് ആസിഡ് എന്ന ശക്തിയായ അമ്ലാംശം അടങ്ങിയ ചെറുനാരങ്ങമാല വിഗ്രഹത്തില്‍ ചാര്‍ത്തുന്നതും വിഗ്രഹങ്ങള്‍ക്ക് നാശം സംഭവിക്കാന്‍ കാരണമാകുന്നതിനാലും സാത്വികാരാധനാക്രമങ്ങള്‍ മാറി ദേവചൈതന്യം ഉഗ്രതയിലേക്ക് കടക്കുന്നതിനാലും നല്ലതല്ല. ഇതിനുപകരം നെയ്യ്, നല്ലെണ്ണ ദീപം, തെച്ചി, തുളസി, മുല്ല, താമര, കൂവളം എന്നിങ്ങനെയുള്ള സാത്വിക വസ്തുക്കളാല്‍ ദേവപ്രീതിവരുത്തുന്നതാണ് നല്ലത്.
Post Your Comments