കാട്ടാനയ്ക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള അതിസാഹസം യുവാവിനെ എത്തിച്ചത് ആശുപത്രി കിടക്കയില്‍. ഒറീസയിലെ ഭുവനേശ്വറിലെ ധെന്‍കനാല്‍ ജില്ലയിലെ മസാനിയയിലാണ് സംഭവം നടന്നത്. രണ്ട് ദിവസമായി നാട്ടിലിറങ്ങി നാശനഷ്ടങ്ങള്‍ വിതയ്ക്കുന്ന കാട്ടാനയെ കാണാനെത്തിയ ഇരുപതുകാരനായ അഭിഷേക് നായ്ക്കാണ് ആനയ്ക്കൊപ്പം സെല്‍ഫി എടുക്കാനൊരുങ്ങിയത്. മൊബൈലില്‍ പരമാവധി അടുത്തു നിന്ന് ചിത്രമെടുക്കാനുള്ള ശ്രമത്തിനിടെ ആനയുടെ അടുത്തെത്തിയ അഭിഷേകിനെ ആന ആക്രമിക്കുകയായിരുന്നു.
അഭിഷേകിന്റെ കരച്ചില് കേട്ട് ഓടിയെത്തിയ ഗ്രാമവാസികള്‍ ശബ്ദമുണ്ടാക്കിയും കല്ലെറിഞ്ഞും ആനയെ പിന്തിരിപ്പിച്ചു. കൊമ്പുകുലുക്കി പാഞ്ഞെത്തിയ ആന അഭിഷേകിനെ കുറെ ദൂരം ഓടിച്ച ശേഷം തുമ്പിക്കൈയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. ആന സുരക്ഷിതമായ ദൂരത്തേക്ക് മാറിയ ശേഷം അഭിഷേകിനെ നാട്ടുകാര്‍ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. അടിവയറിന് ഗുരുതരമായി പരുക്കേറ്റ അഭിഷേകിനെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
Post Your Comments