നിലമ്പൂര്‍•ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉദ്യോഗസ്ഥനായി ചമഞ്ഞു തട്ടിപ്പ് നടത്തിയ യുവാവ് പിടിയിലായി. കോഴിക്കോട് പേരാമ്പ്ര നൊച്ചാട് മൂളിയേങ്ങലിലെ പനമ്പ്രമ്മല്‍സുബൈർ (35)ആണ് വഴിക്കടവ് പൊലിസിന്റെ പിടിയിലായത്. മഞ്ചേരി, എടക്കര കാലിച്ചന്തകളില്‍ ക്ഷീരവികസന വകുപ്പ് വിജിലന്‍സ് വിഭാഗം നോഡല്‍ ഓഫിസര്‍ ചമഞ്ഞു തട്ടിപ്പ് നടത്തിയ കേസിലാണ് പിടിയിലായത്.
കന്നുകാലി ചന്തകളിലെത്തി കാലികളെ കശാപ്പിനായി വില്‍പന നടത്തുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിച്ചിട്ടില്ലെന്നു കാണിച്ചു കാലികളെ കൊണ്ടുവന്ന വാഹനങ്ങളില്‍നിന്നു 200 രൂപ മുതല്‍ 2,000 രൂപവരെ പിഴയെന്ന പേരില്‍ ചുമത്തിയാണ് തട്ടിപ്പ് നടത്തിവന്നിരുന്നത്. ഇതിനു സര്‍ക്കാര്‍ മുദ്രയുള്ള രസീതിന്റെ പകര്‍പ്പും നല്‍കാറുണ്ടായിരുന്നു. എടക്കര കാലിച്ചന്തയില്‍ ഇത്തരത്തില്‍ തട്ടിപ്പു നടത്തിയതറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു.
ചുങ്കത്തറ, എടക്കര എന്നിവിടങ്ങളില്‍ വഴിയില്‍ വച്ചും കാലികളെ കൊണ്ടുവന്ന വാഹനങ്ങള്‍ കൈകാണിച്ചു തടഞ്ഞ് ഇത്തരത്തില്‍ പണം വാങ്ങി തട്ടിപ്പു നടത്തിയിരുന്നു. പണം വാങ്ങിയ വിവരം നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ വഴിക്കടവ് വെറ്ററിനറി ഡോക്ടര്‍ ഇയാളോട് ഐ.ഡി കാര്‍ഡും മറ്റു വിവരങ്ങളും കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒറിജിനലെന്നു തോന്നിക്കുന്ന തരത്തില്‍ ഐ.ഡി കാര്‍ഡ് കാണിച്ചെങ്കിലും ചുമതലപ്പെടുത്തിയ ഓര്‍ഡറിന്റെ പകര്‍പ്പ് ഫോട്ടോകോപ്പിയെടുത്തു തരാമെന്നു പറഞ്ഞ് അവിടെനിന്നു മുങ്ങി. വിവരമറിഞ്ഞു വഴിക്കടവ് പൊലിസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.
കേരളാ സര്‍ക്കാര്‍ വിജിലന്‍സ് വിഭാഗം, ക്ഷീരവികസന വകുപ്പ് എന്ന സ്റ്റിക്കര്‍ മുന്നിലും പിറകിലും പതിച്ച ഇയാളുടെ ആക്ടീവ സ്‌കൂട്ടറിലാണ് ചന്തയിലേക്കു വന്നിരുന്നത്. വാഹനത്തിന്റെ നമ്പര്‍ ചിലര്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് പ്രതിയെ പെട്ടെന്നു പിടികൂടാന്‍ സാധിച്ചത്. വെള്ളിയാഴ്ച പ്രതി എടക്കര ടൗണിലെ ഒരു ലോഡ്ജില്‍ വിജിലന്‍സ് ഓഫിസര്‍ തൊടുപുഴ എന്ന വിലാസത്തില്‍ മുറിയെടുത്തു താമസിച്ചതായും കണ്ടെത്തി. ലോഡ്ജ് ഉടമ ഇയാള്‍ നല്‍കിയ ഐ.ഡി കാര്‍ഡിന്റെ ഫോട്ടോ മൊബൈലില്‍ സൂക്ഷിച്ചതും അന്വേഷണത്തിനു കൂടുതല്‍ സഹായകരമായി.
2001ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കോട്ടും സ്‌റ്റെതസ്‌കോപ്പും വച്ച് വാര്‍ഡുകളില്‍ രോഗികളെ പരിശോധിച്ച ഇയാളെ മെഡിക്കല്‍ കോളജ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ കുന്ദമംഗലം കോടതി ശിക്ഷിച്ചിട്ടുമുണ്ട്. ജൂനിയര്‍ റെഡ് ക്രോസ് ഇന്‍സ്ട്രക്ടര്‍ ട്രെയ്‌നി ആയി 19ാം വയസില്‍ പ്രാക്ടീസ് ചെയ്ത പരിചയത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയത്.
2006ല്‍ അംബാസിഡര്‍ കാറില്‍ സബ് കലക്ടര്‍ എന്ന ബോര്‍ഡുവച്ച് സഞ്ചരിക്കുകയും ഒരു വീട്ടില്‍ സബ് കലക്ടര്‍ എന്ന വ്യാജേന താമസിച്ചുവരികയും ചെയ്തതിനു തലശ്ശേരി എടക്കാട് പൊലിസും ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് പ്രതിക്കുള്ളത്. എടക്കര സി.ഐ സന്തോഷിന്റെ നേതൃത്വത്തില്‍ വഴിക്കടവ് എസ്.ഐ അഭിലാഷ്, അഡീ. എസ്.ഐ അജയന്‍, എ.എസ്.ഐ എം. അസൈനാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ അന്‍വര്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ എന്‍.പി സുനില്‍, സൂര്യകുമാര്‍, ജയേഷ്, ഹോംഗാര്‍ഡ് അസീസ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
Post Your Comments