അശ്വിൻ കോട്ടക്കൽ
കോഴിക്കോട്: ലോക ക്വിസ് ചാംപ്യന്‍ഷിപ്പിന് കോഴിക്കോട് ക്രിസ്ത്യന്‍ കോളജില്‍ തുടക്കമായി. ലണ്ടന്‍ ആസ്ഥാനമായ ഇന്റര്‍ നാഷനല്‍ ക്വിസിങ് അസോസിയേഷന്‍ നൂറ്റന്‍പതോളം രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന പതിനാലാമത് ക്വിസ് ചാംപ്യന്‍ഷിപ്പാണ് നടക്കുക.
ലോകമെങ്ങും ഒരേ ചോദ്യങ്ങളുമായി രണ്ടു മണിക്കൂര്‍ എഴുത്തുപരീക്ഷയുടെ മാതൃകയിലാണ് മത്സരം. നാലു ദിവസങ്ങളിലായി നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 400ഓളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്വിസ് കേരളയും, മലബാര്‍ ക്രിസ്ത്യന്‍ കോളജും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോക ക്വിസ് മത്സരത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് ക്വിസിങ്ങില്‍ ലോക റാങ്കിങ് ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. വിജയികള്‍ക്ക് അഞ്ചു ലക്ഷത്തോളം രൂപ വിലവരുന്ന സമ്മാനങ്ങളാണ് നല്‍കുന്നത്.
ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ് ഫെസ്റ്റിവല്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആര്‍.ഡി.ഒ ഷാമില്‍ സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായി. കോളജ് പ്രിന്‍സിപ്പല്‍ ഗോഡ്വിന്‍ സാമ്രാജ്, ഇന്റര്‍ നാഷനല്‍ ക്വിസിങ് അസോസിയേഷന്‍ കേരളാ ഡയറക്ടര്‍ സ്‌നേഹജ് ശ്രീനിവാസ്, സീറ്റ അക്കാദമി ചെയര്‍മാന്‍ ലിജുരാജു, റീസെറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിംകുട്ടി, ബിജു നാരായണന്‍, ബിച്ചു സി. എബ്രഹാം സംസാരിച്ചു. റിവര്‍ബരേറ്റ് ക്വിസ് ഫെസ്റ്റിവലില്‍ ടെലിവിഷന്‍ അവതാരക രേഖാ മേനോന്‍ വനിതകള്‍ക്കായി ‘നമ്പര്‍ 20 രേഖമെയില്‍’ ജനറല്‍ ക്വിസ് മത്സരം നടത്തി.
Post Your Comments