ന്യൂയോര്‍ക്ക്: ഇന്ത്യയും പാകിസ്താനും തമ്മില്‍ അതിര്‍ത്തിയിലുള്ള സംഘര്‍ഷത്തില്‍ ആശങ്കയുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന. പ്രശ്‌നപരിഹാരത്തിന് യുഎന്‍ സെക്രട്ടറി ജനറല്‍ നേരിട്ട് ഇടപെട്ടിട്ടില്ല. ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ സമാധാനപരമായി കശ്മീര്‍ പ്രശ്‌നം ചര്‍ച്ചചെയ്യണമെന്നാണ് സെക്രട്ടറി ജനറല്‍ നേരത്തേ ആഹ്വാനം ചെയ്തിട്ടുള്ളതെന്നും വക്താവ് പറഞ്ഞു.
യുഎന്‍ സെക്രട്ടറി ജനറല്‍ സാഹചര്യങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. നിയന്ത്രണരേഖയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടാകുന്ന വെടിവയ്പിനെപ്പറ്റി ചോദിച്ചപ്പോള്‍ പ്രതികരിക്കുകയായിരുന്നു വക്താവ്. പാക്ക് സൈന്യം വെടിവയ്പില്‍ ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ബിഎസ്എഫ് ജവാന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ ഭടന്മാര്‍ തിരിച്ചടിച്ചപ്പോള്‍ അഞ്ചു പാക്ക് സൈനികര്‍ കൊല്ലപ്പെട്ടുവെന്നും നിരവധി പേര്‍ക്ക് പരുക്കേറ്റുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ഇന്ത്യന്‍ സൈനികരെ പാകിസ്താന്‍ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാണ്. പലപ്പോഴും പാക്ക് സൈനികര്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ നടത്തിയിരുന്നു.
Post Your Comments