കണ്ണൂർ•കേളകം കണിച്ചാര്‍-കാളികയം മുതല്‍ അക്കരെ കൊട്ടിയൂര്‍ വരെയുള്ള സമാന്തര റോഡ് മരാമത്ത് വകുപ്പിന്റെ അനാസ്ഥമൂലം ഇനിയും യാഥാര്‍ഥ്യമായില്ല. വൈശാഖമഹോത്സവ കാലത്ത് തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ റോഡ്. ഇരട്ടത്തോട്ടില്‍ സ്ഥലമേറ്റെടുക്കാന്‍ 14,72,000 രൂപ സര്‍ക്കാര്‍ മുമ്പ് അനുവദിച്ചിരുന്നു. മരാമത്ത് വകുപ്പിന്റെ അനാസ്ഥമൂലം ഈ തുക പാഴായി. വീണ്ടും പണമനുവദിക്കാന്‍ നാട്ടുകാര്‍ കര്‍മസമിതി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് ‘നെഗോഷിയേറ്റ് ആക്ട്’ പ്രകാരം സ്ഥലം ഏറ്റെടുക്കാന്‍ കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. ഈ ഉത്തരവ് അടങ്ങിയ ഫയല്‍ ഗവ. പ്ലീഡര്‍ക്ക് കൈമാറിയിരിക്കുകയാണ്. വൈശാഖ മഹോത്സവ കാലത്ത് കൊട്ടിയൂര്‍ മുതല്‍ മണത്തണവരെ ഗതാഗതക്കുരുക്ക് ഉണ്ടായപ്പോള്‍ മുന്‍ കളക്ടര്‍ ഡോ. ഡബ്ള്യു.ആര് റെഡ്ഢി വിഭാവനം ചെയ്തതാണ് സമാന്തര റോഡ് പദ്ധതി.
തിരക്ക് കൂടുതല്‍ ഉള്ള ദിവസങ്ങളില്‍ കണിച്ചാര്‍ മുതല്‍ സമാന്തര റോഡ് വഴി അക്കരെ കൊട്ടിയൂരിലേക്ക് തീര്‍ഥാടകരെ നേരിട്ടെത്തിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാം. ഇതിന്റെ ഭാഗമായി, സമാന്തര റോഡിനെ മാനന്തവാടി റോഡുമായി ബന്ധിപ്പിക്കാന്‍ മന്ദംചേരിയില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് കൂറ്റന്‍ പാലവും പണിതു. ഇരട്ടത്തോട്ടിലെ ഏതാനും മീറ്ററുകള്‍ സ്ഥലമേറ്റെടുത്ത് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ തീര്‍ഥാടകര്‍ക്ക് അത് അനുഗ്രഹമാകും. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ അക്കരെ കൊട്ടിയൂരില്‍ തന്നെ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യമൊരുക്കാം. ഇതിനായി ദേവസ്വം സ്ഥലം ഏറ്റെടുത്ത് അനുമതിക്ക് കാത്തരിക്കുകയാണ്.
-ബിനിൽ കണ്ണൂർ
Post Your Comments