Latest NewsKeralaNews

വാസിലിന് പുതുജന്മമേകി മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം•ഉണ്ണിമോയി, മകനായ വാസിലിനേയും (21) കൊണ്ട് കോഴിക്കേട് മെഡിക്കല്‍ കോളേജില്‍ നിന്നും ഐ.സി.യു. സൗകര്യമുള്ള ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് യാത്ര തിരിക്കുമ്പോള്‍ ശുഭപര്യവസായിയാകുമെന്ന് ഒരിക്കലും കരുതിയില്ല. അത്യപൂര്‍വ രോഗം ബാധിച്ച് അത്യാസന്ന നിലയിലായ തങ്ങളുടെ മകനെ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഏറ്റെടുത്തില്ലെങ്കില്‍ തിരിച്ച് കിട്ടില്ലായിരുന്നുവെന്നാണ് ഉണ്ണിമോയി നിറകണ്ണുകളോടെ വിലയിരുത്തുന്നത്.

കോഴിക്കോട് കുന്നമംഗലം വെളുത്തേടത്തുതാഴം ഉണ്ണിമോയിയുടെ മൂത്ത മകനാണ് വാസില്‍. ഐ.ടി.ഐ. ഇലക്‌ട്രോണിക്‌സ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഏപ്രില്‍ 28-ാം തീയതി പല്ലില്‍ ഇട്ടിരുന്ന ക്ലിപ്പ് മുറുക്കാനായി വീടിന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പോയതായിരുന്നു തുടക്കം. മോണയില്‍ പഴുപ്പ് കണ്ട് അത് ഡോക്ടര്‍ വൃത്തിയാക്കാന്‍ ശ്രമിക്കുമ്പോള്‍ അമിതമായ രക്തസ്രാവമുണ്ടായി. രക്തം നില്‍ക്കുന്നില്ലെന്ന് കണ്ട് ഉടന്‍തന്നെ വാസിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മുറിവ് തുന്നിക്കെട്ടാന്‍ കഴിയാത്തതിനാല്‍ രക്തം നില്‍ക്കാനുള്ള ചികിത്സ നല്‍കി. ഇതിനിടെ മുഖത്തെ ഞരമ്പ് തടിച്ച് വരികയും ചെയ്തു. തുടര്‍ന്ന് ആഞ്ചിയോഗ്രാം, എക്കോ, സ്‌കാനിംഗ് തുടങ്ങിയ പരിശോധനകള്‍ നടത്തി.

ആര്‍ട്ടീരിയോവീനസ് മാല്‍ഫോര്‍മേഷന്‍ (Arteriovenous malformation) എന്ന രോഗമായിരുന്നു വാസിലിന്. അടിയന്തിരമായി എമ്പോളൈസേഷനും ശസ്ത്രക്രിയയും ചെയ്താല്‍ മാത്രമേ ജീവന്‍ നിലനിര്‍ത്താനാകുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എമ്പോളൈസേഷന് സൗകര്യമില്ലാത്തതിനാല്‍ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിലോ, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലോ കൊണ്ടു പോകാന്‍ നിര്‍ദേശിച്ചു. ഇത്തരം രോഗത്തിന് വിദഗ്ധ ചികിത്സ ബാംഗളൂരിലുണ്ടെന്ന് ബന്ധുക്കള്‍ കണ്ടെത്തി. പക്ഷെ ഓട്ടോഡ്രൈവറായ ഉണ്ണിമോയിക്ക് താങ്ങാവുന്നതിനപ്പുറമുള്ള ചെലവുകളാണെന്ന് കണ്ട് അവര്‍ നേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തുകയായിരുന്നു.

മേയ് നാലാം തീയതി വാസിലിനെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കി. ശ്രീ ചിത്രയില്‍ എമ്പോളൈസ് ചെയ്ത് ഞരമ്പ് ബ്ലോക്ക് ചെയ്തു. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത്. ഡോക്ടര്‍മാര്‍ ധൈര്യപൂര്‍വം ഇതേറ്റെടുക്കുകയും ശസ്ത്രക്രിയയുടെ സങ്കീര്‍ണതകള്‍ ബന്ധുക്കളെ ബോധ്യപ്പെടുത്തുകയും ചെയ്തു.

പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. അജയകുമാര്‍, ഒ.എഫ്.എം.എസ്. വിഭാഗത്തിലെ ഡോ. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ 12-ാം തീയതിയാണ് ശസ്ത്രക്രിയ നടത്തിയത്. അസോ. പ്രൊഫ. ഡോ. സാബു, അസി. പ്രൊഫ. ഡോ. കലേഷ്, പി.ജി. ഡോക്ടര്‍മാരായ ഡോ. ഓം അഗ്രവാള്‍, ഡോ. അനീഷ് ജോസഫ്, ഡോ. ഫോബിന്‍ വര്‍ഗീസ്, ഡോ. അന്‍സാരി എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവന്ന വാസിലിനെ 18-ാം തീയതി ഡിസ്ചാര്‍ജ് ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ തുടര്‍ പരിശോധനയില്‍ വാസിലിന്റെ മുറിവുകള്‍ ഉണങ്ങിയതായും ആരോഗ്യം വീണ്ടെടുത്തതായും കണ്ടെത്തി. 3 മാസത്തിന് ശേഷം എം.ആര്‍.ഐ. സ്‌കാനിംഗ് പരിശോധന നടത്തി ആവശ്യമെങ്കില്‍ ഒരു ശസ്ത്രക്രിയ കൂടി ചെയ്യേണ്ടി വരും.

ആരോരും തുണയില്ലാതെയാണ് പത്തുമണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ ഇവിടെയെത്തിയതെങ്കിലും പ്രിന്‍സിപ്പല്‍, സൂപ്രണ്ട് ഉള്‍പ്പെടെ എല്ലാവരും ശസ്ത്രക്രിയയ്ക്ക് വേണ്ടി പരമാവധി സഹായിച്ചെന്ന് ഉണ്ണിമോയിയും വാസിലും ബന്ധുക്കളും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button