കൊല്‍ക്കത്ത : നാദിയ ജില്ലയിലെ ദണ്ഡാല ഹസ്‌റപ്പുര്‍ സ്‌കൂളില്‍ ഒരേ ക്ലാസ്സ് മുറിയില്‍ ഇരുന്ന് പരീക്ഷ ഒരുമിച്ചെഴുതി വാര്‍ത്തകളില്‍ ഇടം നേടിയ മോണ്ടാല്‍ കുടുംബത്തിലെ അമ്മയും മകനും പ്ലസ്ടു ജയിച്ചു എന്നാല്‍ അച്ഛന്‍ പ്ലസ്ടു തോറ്റു. പരീക്ഷ തോറ്റ അച്ഛന്‍ അടുത്ത പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. യൂണിഫോം ധരിച്ചു കൊണ്ട് ഒരുമിച്ച് സ്‌കൂളില്‍ പോയിരുന്ന അച്ഛനും അമ്മയും മകനും മുന്‍പ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഒരുമിച്ചിരുന്ന് പഠിക്കാനും പുസ്തകം വാങ്ങിയുള്ള അധികച്ചെലവ് കുറയ്ക്കാനും ഒരേ വിഷയങ്ങളാണ് കുടുംബം പ്ലസ്ടു പഠനത്തിന് തിരഞ്ഞെടുത്തത്.18 കാരനായ ബിപ്പ്‌ലാപ് ട്യൂഷന്‍ സെന്ററില്‍ പോയി പഠിക്കുന്നത് വീട്ടില്‍ വന്ന് അച്ഛനെയും അമ്മയെയും പഠിപ്പിക്കാറുണ്ടായിരുന്നു.
പാസ്സായ അമ്മയും മകനും ഉപരിപഠനത്തിന് ഒരേവിഷയം എടുക്കാനാണ് ആലോചിക്കുന്നത്. ഇത് പഠനച്ചെലവ് കുറയ്ക്കുമെന്നും ഒരേ വിഷയം എടുക്കുന്നതിലൂടെ ഇരുവര്‍ക്കും ഒരേ പുസ്തകം ഉപയോഗിക്കാമെന്നുമുള്ള ആസ്വാസത്തിലാണ് ബിപ്പ്‌ലാപ്പ്. വെസ്റ്റ് ബംഗാള്‍ കൗണ്‍സില്‍ ഓഫ് ഹയര്‍സെക്കന്‍ഡറി എഡുക്കേഷന്റെ പ്ലടു പരീക്ഷയാണ് മൂവരും ഒരുമിച്ചെഴുതിയത്. പാട്ടികബാരി ഗ്രാമത്തില്‍ തന്റെ ആടുകളെ മേയാന്‍ വിട്ട് മരത്തിന്റെ ചുവട്ടിലിരുന്ന് കൊണ്ടാണ് 32കാരിയായ കല്യാണി പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുത്തത്. 18കാരനായ ബിപ്പ്‌ലാപും പരീക്ഷ വിജയിച്ചെങ്കിലും വീട്ടിലെ ഗൃഹനാഥനായ 42കാരന്‍ ബലറാമിന് പരീക്ഷ പാസ്സാകാനായില്ല. താന്‍ നന്നായി എഴുതിയിരുന്നുവെന്നും പാസ്സാകുമെന്നായിരുന്നു പ്രതീക്ഷയെന്നും ബാലറാം മാധ്യമങ്ങലോട് പങ്കു വെച്ചു.
‘പുനര്‍മൂല്യ നിര്‍ണ്ണയത്തിന് നല്‍കാന്‍ ആലോചിക്കുന്നുണ്ട്. അതില്‍ പാസ്സായില്ലെങ്കില്‍ അടുത്ത് തവണയും പരീക്ഷയെഴുതും’ , ബലറാം പറയുന്നു.
എട്ടാംക്ലാസ്സോടുകൂടി പഠനം നിര്‍ത്തി ബലറാമിനെ വിവാഹം ചെയ്ത കല്ല്യാണി പരീക്ഷയില്‍ 45.6% നേടി. 50.6 ആണ് ബിപ്പലാപ്പിന്റെ വിജയ ശതമാനം.
‘അച്ഛന്‍ കൂടി പാസ്സായിരുന്നെങ്കില്‍ ഞങ്ങളുടെ സന്തോഷം ഇരട്ടിയായേനെ, എങ്കിലും അടുത്ത തവണ അച്ഛന്റെ പഠനം നന്നായി പോകുന്നുവെന്നത് ഉറപ്പു വരുത്തു’മെന്ന് മകന്‍ ബിപ്പ്‌ലാപ്പ് പറയുന്നു.
Post Your Comments