കണ്ണൂര്‍•പിലാത്തറ- പാപ്പിനിശേരി സംസ്ഥാന പാത നിര്‍മാണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ബസ് ഗതാഗതം ജൂണ്‍ ഒന്നുമുതല്‍ ഭാഗികമായി പുനരാരംഭിക്കും. ഗതാഗത നിയന്ത്രണം മൂലം പ്രയാസമനുഭവിക്കുന്ന മടക്കര, ചെറുകുന്ന് തറ ഭാഗത്തേക്ക് ജൂണ്‍ ഒന്നുമുതല്‍ ബസ് ഗതാഗതം പുനരാരംഭിക്കാനാണ് തീരുമാനം. ഇതുപ്രകാരം മടക്കര, ഇല്ലിപ്പുറം-കച്ചേരിത്തറ-ചെറുകുന്ന് തറ ബസ്സുകള്‍ പുതുതായി നിര്‍മിച്ച പാപ്പിനിശേരി മേല്‍പ്പാലം വഴി പോകും.
പരീക്ഷണ ഓട്ടം മെയ് 31ന് നടത്തും. റോഡിന്റെ ഒരു വശത്ത് പ്രവൃത്തി നടക്കുന്നതിനാല്‍ നിലവില്‍ പാപ്പിനിശേരി മേല്‍പ്പാലം വഴി ചെറുവാഹനങ്ങളാണ് കടത്തിവിടുന്നത്. സ്കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികളും ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നതിനാലാണ് ഇതുവഴി ഭാഗികമായി ബസ് ഗതാഗതം അനുവദിക്കാന്‍ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായത്.
ഒരു സമയത്ത് ഒരു ഭാഗത്തേക്ക് വാഹനം കടത്തിവിട്ടാണ് ഗതാഗതം. ഇതിനായി പൊലീസ് ഉള്‍പ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കും. ഇതുമൂലം വളപട്ടണം ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാവില്ലെന്ന് ഉറപ്പാക്കാന്‍ ക്രമീകരണമുണ്ടാക്കാന്‍ പൊലീസിന് നിര്‍ദേശം നല്കി. താവം പബ്ളിക് ലൈബ്രറി റോഡ് വണ്‍വേ ആക്കാനും തീരുമാനമായി. താവം റെയില്‍വേ ഗേറ്റ് റോഡില്‍ പൊലീസിനെ നിയോഗിച്ച് ഗതാഗത തടസ്സം ഒഴിവാക്കും.
-ബിനിൽ
കണ്ണൂർ
Post Your Comments