ഹൈക്കോടതി ജഡ്ജിമാരെ അധിക്ഷേപിച്ചവർക്കെതിരെ കേരളത്തിലെ പോലീസ് നടപടിയെടുക്കുമോ?. തെരുവിൽ നിന്നുകൊണ്ട് നമ്മുടെ ബഹുമാന്യരായ ന്യായാധിപന്മാരെ എന്തും വിളിച്ചുപറയാമെന്ന അവസ്ഥ കേരളം പ്രോത്സാഹിപ്പിക്കാമോ?. സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിന്റെ ഇക്കാര്യത്തിലെ നിലപാട് എന്താണ്?. അതാണ് കേരളം ഉറ്റുനോക്കുന്നത്.
ഇന്നലെ എറണാകുളത്ത് മുസ്ലിം ഏകോപന സമിതി എന്നപേരിൽ ഒരു കൂട്ടർ നടത്തിയ റാലിയുടെ പശ്ചാത്തലത്തിലാണ് ഈ സംശയം. അതിനെക്കുറിച്ച് ഇന്നലെ ഞാൻ സൂചിപ്പിച്ചിരുന്നു. അവിടെ നടന്ന പ്രസംഗങ്ങൾ സംബന്ധിച്ച ചില സൂചനകൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എനിയ് ക്കത് കേൾക്കാൻ കഴിഞ്ഞിരുന്നില്ല, കാണാനുമായില്ല. പിന്നെ ജഡ്‌ജിമാർക്കെതിരെ പരസ്യമായി ഉന്നയിച്ച അധിക്ഷേപങ്ങൾ എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും കോടതിയലക്ഷയത്തിന് വഴിയൊരുക്കുമല്ലോ. അതുകൊണ്ട് അതിനു ഞാൻ മുതിരുന്നില്ല.
ഇത് പറഞ്ഞത് ഒരു അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ്. 1994- ലാണ് എന്നാണോർമ്മ. ശിവഗിരി പ്രശ്നം നിലനിൽക്കുന്ന കാലം; അതായത് സ്വാമി പ്രകാശാനന്ദക്ക് ശിവഗിരി ഭരണം കൈമാറാനുള്ള സുപ്രീം കോടതിവിധി നടപ്പിലാക്കിയ വേളയിലുണ്ടായ പ്രശ്നങ്ങൾ. അന്ന് ശാശ്വതീകാനന്ദ സ്വാമിയും കൂട്ടരും പോലീസ് നടപടിയെ തടയാൻ അക്രമിസംഘത്തെയും മദനിയുടെ ഗുണ്ടാപ്പടയെയും അണിനിരത്തിയത് ഓർക്കുമല്ലോ. സുപ്രീം കോടതിയിൽ വിധി പ്രസ്താവിച്ച ജഡ്ജിയെ അധിക്ഷേപിച്ചുകൊണ്ട് അന്ന് ഒരു എസ്എൻഡിപി നേതാവ് തിരുവനന്തപുരത്ത് പ്രസംഗിച്ചിരുന്നു. ജഡ്ജിയെയും കോടതിയെയും അപമാനിച്ചുകൊണ്ടാണ് ആ പ്രസംഗം. അത് അന്ന് ‘ജന്മഭുമി’ക്കുണ്ടായിരുന്ന സായാഹ്‌ന പത്രം ആ പ്രസംഗം റിപ്പോർട്ട് ചെയ്തു. എന്നാൽ അത് പിറ്റേന്ന് ‘ജന്മഭൂമി’ ദിനപത്രം പ്രസിദ്ധീകരിച്ചതുമില്ല. അതിന്റെ പേരിൽ ‘ജന്മഭൂമി’ക്കെതിരെ ഹൈക്കോടതി നേരിട്ട് കോടതിയലക്ഷ്യ കേസെടുത്തിരുന്നു. യഥാക്രമം ‘ജന്മഭൂമി’യുടെ പ്രസാധകനും മാനേജിങ് എഡിറ്ററുമായിരുന്ന കെജി മാരാർ, പിപി മുകുന്ദൻ, തിരുവനന്തപുരം സായാഹ്‌ന പത്രത്തിന്റെ ചുമതല വഹിച്ചിരുന്ന കെ കുഞ്ഞിക്കണ്ണൻ എന്നിവരായിരുന്നു പ്രതികൾ. കോടതിയലക്ഷ്യമെന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന ഇത്തരമൊരു പ്രസംഗം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് അത് പ്രസിദ്ധീകരിച്ചത് എന്നും അല്ലാതെ കോടതിയെ അധിക്ഷേപിക്കാനല്ല എന്നതുമായിരുന്നു ഞങ്ങൾ അന്ന് സ്വീകരിച്ച നിലപാട്. അതെ വാർത്ത പിറ്റേന്ന് പ്രഭാത ദിനപത്രത്തിൽ ചേർത്തിരുന്നില്ല എന്നതും ചൂണ്ടിക്കാണിച്ചു, ബോധിപ്പിച്ചു. ആ വാദഗതി സ്വീകരിച്ചുകൊണ്ട് ‘ജന്മഭൂമി’ക്കാരെ കേസിൽ വെറുതെ വിടുകയും അന്ന് കോടതിയെയും ജഡ്ജിയെയും വിമർശിച്ച എസ്എൻഡിപി നേതാവിനെ ജയിലിലടക്കുകയും ചെയ്തു.
അനവധി കോടതിയലക്ഷ്യ നടപടികൾക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇഎംഎസ് നമ്പൂതിരിപ്പാട് തന്നെ ഒരിക്കൽ ശിക്ഷക്ക് വിധേയനായിട്ടുണ്ട്. അടുത്തിടെയാണ് എംവി ജയരാജൻ ജയിൽ വാസത്തിന് നിര്ബന്ധിതനായത്. തെരുവോരത്ത് പൊതുയോഗം പറ്റില്ലെന്ന് വിധിച്ച ന്യായാധിപൻ അധിക്ഷേപിക്കപ്പെട്ടു എന്ന വിശകലനത്തിന്റെ പേരിലാണ് ജയരാജൻ ശിക്ഷിക്കപ്പെട്ടത്. സിപിഎമ്മിന് പൊതുവെ കോടതിയോടും കോടതികൾ സ്വീകരിക്കുന്ന നിലപാടുകളോടും അത്രവലിയ സ്നേഹമൊന്നുമുണ്ടായിട്ടില്ല. കോടതിവിധി തങ്ങൾക്കെതിരായാൽ ജഡ്ജിമാരെയും നീതിനിർവഹണ സംവിധാനത്തെയും എന്തും പറയാനുള്ള അവകാശമുണ്ട് എന്ന് കരുതുന്നവർ ഇവിടെയുണ്ടായിട്ടുണ്ട്. അതൊക്കെത്തനെയാണ് ഇന്നിപ്പോൾ മുസ്ലിം മതനേതാക്കൾ നടത്തിയ വിവാദ പ്രസംഗങ്ങൾക്കെതിരെ നടപടി വൈകുന്നതിനെ ആശങ്കയോടെ കാണാൻ പ്രേരിപ്പിക്കുന്നത്.
പറഞ്ഞുവന്നത്, ഇന്നലെ എറണാകുളത്തെ തെരുവിൽ കോടതിക്കും ജഡ്ജിമാർക്കും നേരെ നടത്തിയ അധിക്ഷേപാർഹമായ പ്രസംഗത്തിലെ ഒരു വരിപോലും ഇവിടെ കുറിക്കാൻ കഴിയാത്തത് അതുകൊണ്ടാണ് എന്നാണ് . എന്നാൽ അത് പോലീസ് കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്, മനസിലാക്കിയിട്ടുണ്ട്. അവർക്കത് നന്നായി അറിയാം.നമ്മുടെ സ്പെഷ്യൽ ബ്രാഞ്ചുകാർ ഇത്തരം പരിപാടികൾ ശ്രദ്ധയോടെ നിരീക്ഷിക്കാറുണ്ട്. പഴയകാലത്ത് സ്പെഷ്യൽ ബ്രാഞ്ചിലെ പോലീസുകാർ വന്നു് പ്രസംഗം എഴുതിയെടുക്കാറാണ് പതിവെങ്കിൽ ഇന്നതെല്ലാം വീഡിയോ ക്യാമറയിൽ പകർർത്തുകയാണ് ചെയ്യുക. അതിനർത്ഥം പ്രസംഗത്തിന്റെ പൂർണ്ണ വിവരങ്ങൾ പോലീസിന്റെ കയ്യിലുണ്ട് എന്നതുതന്നെ. ഇതുപോലെ പ്രധാനപ്പെട്ട ഒരു സംഭവം നടന്നിട്ട് 24 മണിക്കൂർ പിന്നിട്ടിട്ടും എന്താണ് ഒരു നടപടിയും പോലിസ് സ്വീകരിക്കാത്തത്? . എന്താണ് സർക്കാർ ഇക്കാര്യത്തിൽ എടുത്തിട്ടുള്ള നിലപാട്?. ഇസ്ലാമിക തീവ്രവാദ ഗണത്തിൽ പെടുന്ന, വിധ്വംസക പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു എന്ന് വ്യക്തമായിട്ടുള്ളതെന്ന് കേന്ദ്ര ഏജൻസികൾ പറയാറുള്ള, ചില സംഘടനകളും ഇന്നലത്തെ മാർച്ചിലുണ്ടായിരുന്നു എന്ന ആക്ഷേപവും സർക്കാരിനും പോലീസിനും അവഗണിക്കാനാവില്ലല്ലോ.
ഇക്കാര്യത്തിൽ കോടതിക്ക് നടപടിയെടുക്കാൻ കഴിയും. അതിന് കേരള ഹൈക്കോടതി തയ്യാറാവും എന്നതുതന്നെയാണ് എനിക്ക് തോന്നുന്നത്. എന്നാൽ അതിനുമുൻപ് പോലീസിനും സർക്കാരിനും ഒരു ചുമതലയുണ്ടല്ലോ. അതിൽ എന്തിനാണ് ഇത്ര അമാന്തം വരുത്തിവെക്കുന്നത് ?. ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ ഇതിൽ ചിലർ ഒരു നിരോധിത പ്രസ്ഥാനത്തിന്റെ പിന്തുടർച്ചക്കാരാണ് . തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിലാണ് നിരോധനത്തിന് അക്കൂട്ടർ വിധേയനായത്. അത്തരക്കാരുടെ തെരുവിലെ അഴിഞ്ഞാട്ടവും കോടതിയെ അധിക്ഷേപിക്കലും കണ്ടില്ലെന്നു നടിക്കുന്നത് അപകടകരമാണ് എന്നുകൂടി സൂചിപ്പിക്കട്ടെ.
Post Your Comments