KeralaLatest News

ക്രമസമാധാന രംഗത്ത് കേരളം പൂര്‍ണ വിജയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളം ക്രമസമാധാന രംഗത്ത് മികച്ച സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി. സദാശിവത്തിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. 2016 നവംബറില്‍ ഇന്ത്യാടുഡേ മാഗസിന്‍ നടത്തിയ സര്‍വെയില്‍ ഈ രംഗത്ത് കേരളത്തിന് ഒന്നാം സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. പൂനം മഹാജന്റെ ആരോപണങ്ങള്‍ തെറ്റാണെന്നു മാത്രമല്ല രാഷ്ട്രീയ പ്രേരിതവുമാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ക്രമസമാധാനത്തകര്‍ച്ചയാണെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയും ബി.ജെ.പി.ക്കാര്‍ക്കെതിരെയുമുള്ള അക്രമങ്ങള്‍ കൂടിവരുന്നതായും കാട്ടി മഹാരാഷ്ട്രയിലെ ബി.ജെ.പി എം.പി: പൂനം മഹാജന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. ഇതിന്റെ കോപ്പിയുള്‍പ്പെടെ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

പൊലീസ് റിപ്പോര്‍ട്ട് പ്രകാരം രാജഗോപാലിന്റെയും പൂനം മഹാജന്റെയും പ്രസ്താവനകള്‍ വൈരുദ്ധ്യം നിറഞ്ഞതും സത്യവിരുദ്ധവുമാണ്. സമാധാനം കാത്തുസൂക്ഷിക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. ജില്ലകളില്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്ന സംഭവങ്ങളുണ്ടാകുമ്പോള്‍ അതത് ജില്ലാ ഭരണകൂടങ്ങള്‍ സമാധാനയോഗം വിളിച്ചുചേര്‍ക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുന്നുണ്ട്. മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എം.എന്‍.വെങ്കിടാചലയ്യ ചെയര്‍മാനായുള്ള പബ്ലിക് അഫയേഴ്സ് സെന്റര്‍ നടത്തിയ പഠനത്തില്‍ ക്രമസമാധാന പാലനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളവും തമിഴ്നാടുമാണ്.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 19 ആര്‍.എസ്.എസ്, ബി.ജെ.പി, എ.ബി.ബി.പി. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കാര്യമായ നടപടിയെടുത്തിട്ടില്ലെന്നും പൂനം മഹാജന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമത്തിന് ഈ കാലയളവില്‍ 1300 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ മേയ് 13ന് ഒ.രാജഗോപാല്‍ എം.എല്‍.എ. ഗവര്‍ണര്‍ക്കു നല്‍കിയ കത്തില്‍ 14 സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൊലചെയ്യപ്പെട്ടെന്നാണ് പറഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button