ശ്രീനഗര്‍: കശ്മീരില്‍ പ്രശ്നങ്ങള്‍ മൂര്‍ച്ഛിക്കുമ്പോള്‍ തകരുന്നത് വളര്‍ന്നുവരുന്ന തലമുറകളുടെ ജീവിതമാണ്, സ്വപ്നങ്ങളാണ്. തങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികളെക്കുറിച്ച് കുട്ടികള്‍ വരച്ചുകാട്ടുന്നു. വിഷാദരോഗവും യുദ്ധബാധിത മേഖലകളില്‍ കഴിയുന്നവരില്‍ കണ്ടുവരുന്ന പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ ബാധിച്ച കുട്ടികളുടെയും മുതിര്‍ന്നവരുടെയും കണക്കുകള്‍ ഞെട്ടിക്കുന്നതാണ്.
പെല്ലറ്റും തോക്കും കവരുന്ന കുട്ടിക്കാലം എന്നു പറയാം. ചോരയെയും തീയെയും പ്രതിഷേധത്തെയും പ്രതിനിധീകരിക്കുന്ന ചുവപ്പാണ് വരകളിലേറെയും. കുട്ടികള്‍ വരയ്ക്കുന്നത് വെടിവെപ്പിന്റെയും സൈനിക ആധിപത്യത്തിന്റെയും പെല്ലറ്റ് ഫയറിങ്ങിന്റെയും പ്രതിഷേധക്കാരുടെയും ചിത്രങ്ങളാണ്. പുല്‍ത്തകിടികളോ മഞ്ഞുകട്ടകളോ തോട്ടങ്ങളോ പര്‍വ്വതങ്ങളോ അല്ല, കത്തിത്തീരുന്ന സ്കൂളുകളും കല്ലെറിയുന്ന വിഘടനവാദികളും വെടിവെപ്പും മാത്രമാണ് ഇവരുടെ ക്യാന്‍വാസുകള്‍ പിടിച്ചെടുക്കുന്നത്.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ക്ക് നേരെ പെല്ലറ്റ് ഉതിര്‍ത്തപ്പോള്‍ പരിക്കേറ്റത് 1,200 കുട്ടികള്‍ക്കാണ്. പരിക്കേറ്റ കുട്ടികളില്‍ പലര്‍ക്കും കാഴ്ച നഷ്ടപ്പെട്ടു. സ്കൂളുകള്‍ പോലും തുടര്‍ച്ചയായി തുറന്നുപ്രവര്ത്തിക്കാറില്ല. മാസങ്ങളോളം കുട്ടികള്‍ വീട്ടിലിരിക്കുന്നുവെന്ന അവസ്ഥയാണ്.
Post Your Comments