ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ റാപൂര്‍ ജില്ലയില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ 14 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പീഡിപ്പിച്ചവരില്‍ ഒരാള്‍ സംഭവങ്ങളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തെത്തുന്നത്. പെണ്‍കുട്ടികളും ഇവരുടെ സഹോദരനും ചന്തയില്‍ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. സഹോദരന്‍ ബൈക്കില്‍ പെട്രോള്‍ നിറയ്ക്കാനായി പോയ സമയത്ത് ബൈക്കിലെത്തിയ യുവാക്കള്‍ ഇവരെ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ വീഡിയോയില്‍ ഉള്ള പെണ്‍കുട്ടികളെ ഇതുവരെ തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
അതേസമയം, കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ എപ്പോഴാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. സംഭവത്തില്‍ സ്ത്രീപീഡനക്കേസ് ചുമത്തി കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രധാന പ്രതിയെന്ന് കരുതുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മറ്റ് പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. യുവാക്കളുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ പെണ്‍കുട്ടികള്‍ കരഞ്ഞപേക്ഷിക്കുന്നതും ഇതിന് മറുപടിയായി യുവാക്കള്‍ ചിരിക്കുന്നതും തമാശകള്‍ പറയുന്നതും അശ്ലീലച്ചുവയോടെ പെണ്‍കുട്ടികളോട് സംസാരിക്കുന്നതും രണ്ടു മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയിലുണ്ട്.
Post Your Comments