ന്യൂഡല്‍ഹി : ബഹിരാകാശത്തേക്ക് ആളെ അയക്കാന്‍ കഴിയുന്ന റോക്കറ്റ് ഐഎസ്ആര്‍ഒ നിര്‍മ്മിച്ചു. ഏകദേശം 300 കോടി രൂപ ചിലവിട്ടാണ് ഇന്ത്യ ഈ പുതിയ റോക്കറ്റ് നിര്‍മ്മിച്ചത്. ഇന്ത്യന്‍ റോക്കറ്റ് ഉപയോഗിച്ച് സ്പേസിലേക്ക് ആദ്യം അയക്കുക ഒരു വനിതാ ബഹിരാകാശ യാത്രികയെ ആയിരിക്കുമെന്ന് ഐഎസ്ആര്‍ഒ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജി.എസ്.എല്‍.വി എംകെ 3 എന്ന് പേരിട്ടിരിക്കുന്ന റോക്കറ്റ് ജൂണ്‍ ആദ്യം പരീക്ഷിക്കും. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും വലിയ റോക്കറ്റാണിത്.
ബഹിരാകാശത്തേക്ക് ഇന്ത്യന്‍ മണ്ണില്‍ നിന്ന് ആളെ അയക്കാനുള്ള ദൗത്യത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണ് ഈ റോക്കറ്റ്. ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിക്കുക. അരഡസന്‍ തവണയെങ്കിലും പരീക്ഷണം നടത്തി വിജയിച്ചാല്‍ ഇന്ത്യക്കാരനെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഇന്ത്യയുണ്ടാക്കിയ റോക്കറ്റില്‍ സ്പേസിലേക്ക് അയക്കാനുള്ള വാഹനമായി ജി.എസ്.എല്‍.വി എംകെ 3 മാറും. റഷ്യ, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് ഇതുവരെ ആളുകളെ ബഹിരാകാശത്തേക്ക് അയച്ചിട്ടുള്ളത്. ഈ നിരയിലെ നാലാമത്തെ രാജ്യമായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ജി.എസ്.എല്‍.വി എംകെ 3 റോക്കറ്റിന് നാല് ടണ്‍ വരെ ഭാരമുളള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിയും. 43 മീറ്റര്‍ നീളമുള്ള റോക്കറ്റില്‍ ഇന്ത്യ വികസിപ്പിച്ച ക്രയോജനിക് എഞ്ചിനാണ് ഉപയോഗിക്കുക. നിലവില്‍ രണ്ട് റോക്കറ്റുകള്‍ ഉപയോഗിച്ചാണ് ഇതുവരെ ഐഎസ്ആര്‍ഒ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു വന്നത്. ഒന്ന് പിഎസ്എല്‍വിയും മറ്റൊന്ന് ജിഎസ്എല്‍വി മാര്‍ക്ക്. ഒന്നര ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന പിഎസ്എല്‍വിയാണ് ചാന്ദ്രദൗത്യത്തിനും ചൊവ്വാ ദൗത്യത്തിനും വാഹനമായി ഐഎസ്ആര്‍ഒ ഉദ്ദേശിക്കുന്നത്.
Post Your Comments