
തിരുവനന്തപുരം : രാജ്യത്ത് ബീഫ് വിവാദം കൊഴുക്കുന്നതിനിടെ ശക്തമായ നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചാണ് മുഖ്യമന്ത്രി ഇന്നും രംഗത്തെത്തിയത്. കേരളീയരുടെ ഭക്ഷണരീതി കേരളീയര്‍ തന്നെ തീരുമാനിക്കുമെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. അത് ആര് വിചാരിച്ചാലും മാറ്റാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ ഭക്ഷണക്രമം ഡല്‍ഹിയില്‍ നിന്നും ആര്‍ എസ് എസ് ആസ്ഥാനമായ നാഗ്പൂരില്‍ നിന്നും തിരുമാനിക്കേണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാനുള്ള സംവിധാനം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് മറികടക്കുന്നതിന് നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തീരുമാനിക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കും. സര്‍വകക്ഷിയോഗം സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിക്കാന്‍ മന്ത്രി കെ. രാജുവുമായി തിങ്കളാഴ്ച സംസാരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കശാപ്പ് നിരോധനത്തിനുള്ള വിജ്ഞാപനം കേ്ന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയതുമുതല്‍ വിഷയത്തില്‍ കടുത്ത പ്രതിഷേധം മുഖ്യമന്ത്രി അറിയിച്ചിരുന്നു. സംസ്ഥാനത്തിന്റെ ആശങ്ക വ്യക്തമാക്കി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. എന്തായാലും വിഷയത്തില്‍ പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയാണ് മുഖ്യമന്ത്രി പുതിയ പ്രസ്താവനയിലൂടെ കേന്ദ്രത്തിന് നല്‍കിയിരിക്കുന്നത്.
Post Your Comments