തിരുവനന്തപുരം: സ്വര്‍ണത്തിന്റെ വാങ്ങല്‍ നികുതി പിന്‍വലിച്ചു. സ്വര്‍ണത്തിന് മുന്‍കാല പ്രാബല്യത്തോടെ ഏര്‍പ്പെടുത്തിയ അഞ്ചുശതമാനം വാങ്ങല്‍നികുതിയാണ് പിന്‍വലിച്ചത്. സംസ്ഥാനത്ത് ധനകാര്യബില്‍ പാസാക്കിയതിനെ തുടര്‍ന്നാണ് വാങ്ങല്‍ നികുതി പിന്‍വലിച്ചത്.
സ്വര്‍ണവ്യാപാരികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു ഇത്. സര്‍ക്കാരിലും പ്രതിപക്ഷത്തുമുണ്ടായ സമന്വയത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി തോമസ് ഐസക് നികുതി പിന്‍വലിച്ചത്. സ്വര്‍ണവ്യാപാരത്തെ പ്രതിസന്ധിയിലാക്കുന്ന നികുതി പിന്‍വലിക്കണമെന്ന് വ്യാപാരികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
കെ.എം. മാണി ധനമന്ത്രിയായിരുന്നപ്പോഴാണ് സ്വര്‍ണ വ്യാപാരത്തിന് വാങ്ങല്‍നികുതി ചുമത്തിയത്. 2013-14 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നികുതി ഈടാക്കാനായിരുന്നു തീരുമാനം. പഴയ സ്വര്‍ണം വാങ്ങുന്നതുള്‍പ്പെടെ നികുതി ബാധകമാക്കി.
ജി.എസ്.ടി. നടപ്പാക്കുന്നതിനാല്‍ ധനബില്ലില്‍ മറ്റ് നികുതി നിര്‍ദേശങ്ങളൊന്നുമില്ല. കയറ്റുമതിക്കാര്‍ക്ക് വില്‍ക്കുന്ന പാക്കിങ് വസ്തുക്കള്‍ക്ക് 2017 വരെ നികുതിയിളവ് നല്‍കി. സൗരോര്‍ജ പാനലുകള്‍ ഉള്‍പ്പെട്ടവര്‍ക്ക് കോണ്‍ട്രാക്ടിന്റെ നികുതി 2013 മുതല്‍ ഒരു ശതമാനമാക്കി. മൊബൈല്‍ ഫോണിനൊപ്പം വില്‍ക്കുന്ന ചാര്‍ജറുകളുടെ നികുതിയും അഞ്ചുശതമാനമാക്കി കുറച്ചു. ബേക്കറികളില്‍ ഉപയോഗിക്കുന്ന ഭക്ഷ്യയെണ്ണയുടെ നികുതി ഈ വര്‍ഷം ഫെബ്രുവരി 22 വരെ അഞ്ചുശതമാനവും അതിനുശേഷം 14.5 ശതമാനവും ആയിരിക്കും.
Post Your Comments