ന്യൂഡല്‍ഹി : മുന്‍പഞ്ചാബ് പോലീസ് മേധാവിയും ഹോക്കി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായിരുന്ന കന്‍വര്‍ പാല്‍ സിംഗ് ഗില്‍ എന്ന കെപിഎസ് ഗില്‍(82) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഡല്‍ഹിയിലായിരുന്നു അന്ത്യം. 1980-കളില്‍ പഞ്ചാബില്‍ ശക്തമായ സിഖ് തീവ്രവാദം അടിച്ചൊതുക്കിയതിലൂടെ പ്രശസ്തനായ കെപിഎസ് ഗില്ലിനെ രാജ്യം 1989-ല്‍ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ഗില്‍ പഞ്ചാബ് പോലീസ് മേധാവിയായി ചുമതലയേറ്റതിന് ശേഷമാണ് അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ തമ്പടിച്ച സിഖ് തീവ്രവാദികളെ തുരത്താനായി ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടര്‍ നടപ്പാക്കിയത്. നേരത്തെ സൈന്യം നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറില്‍ സുവര്‍ണക്ഷേത്രത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. അതിനാല്‍ തന്നെ താരത്മ്യേന കുറഞ്ഞ സേനയെ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടര്‍ ഗില്‍ ആസൂത്രണം ചെയ്തത്.
1958-ല്‍ ഐപിഎസ് നേടിയ ഗില്‍ അസം,മേഘലായ തുടങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് തന്റെ സേവനം ആരംഭിച്ചത്. നീണ്ട 28 വര്‍ഷത്തോളം അവിടെ സേവനമനുഷ്ഠിച്ച ഗില്‍ പിന്‍ക്കാലത്ത് അസം പോലീസ് മേധാവി വരെയായി. പിന്നീട് 1984-ല്‍ അസമില്‍ നിന്ന് സ്വദേശമായ പഞ്ചാബിലേക്ക് ഗില്‍ തിരിച്ചെത്തി. രണ്ട് കാലഘട്ടങ്ങളിലായി (19881990) (199195) ആറ് വര്‍ഷത്തോളം അദ്ദേഹം പഞ്ചാബ് പോലീസ് മേധാവി സ്ഥാനം വഹിച്ചു.
Post Your Comments