KeralaLatest NewsNews

സി.പി.എം പിന്തുണയോടെ സംസ്ഥാനത്ത് ആദ്യത്തെ പലിശരഹിത ഇസ്ലാമിക ബാങ്ക്

കണ്ണൂര്‍: സംസ്ഥാനത്ത് ഇസ്ലാമിക് ബാങ്കിംഗിന് ഇതുവരെ അംഗീകാരമായിട്ടില്ലെങ്കിലും സഹകരണ രംഗത്ത്  പലിശരഹിത  ഇസ്ലാമിക ബാങ്കിന് സി.പി.എം തുടക്കം കുറിച്ചു. കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് ഈ ബാങ്കിന്റെ പ്രവര്‍ത്തനം.

ഡിവൈഎഫ്‌ഐ. ജില്ലാ പ്രസിഡന്റ് എം.ഷാജര്‍ കോ-ഓഡിനേറ്ററും കോണ്‍ഗ്രസ്സില്‍നിന്ന് രാജിവെച്ച മുന്‍ ഡി.സി.സി. സെക്രട്ടറി ഒ.വി.ജാഫര്‍ ചെയര്‍മാനുമായ ന്യൂനപക്ഷ സാംസ്‌കാരിക കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാജ്യത്തെ ആദ്യ പലിശരഹിത സഹകരണ ബാങ്കിന് തുടക്കമിടുന്നതെന്നാണ് വാര്‍ത്ത.

കണ്ണൂര്‍ ജില്ലയിലെ 21 ന്യൂനപക്ഷ സാംസ്‌കാരിക സമിതികള്‍ ഉള്‍പ്പെട്ടതാണ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി. മുസ്ലിം ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെയും ട്രസ്റ്റുകളുടെയും സംയുക്തസമിതിയാണിത്. പലിശ സംവിധാനത്തിന് മതപരമായി എതിര്‍പ്പുള്ള സംഘടനകള്‍ ഒത്തുചേര്‍ന്നാണ് സഹകരണ സംഘത്തിന് തുടക്കം കുറിക്കുന്നത്. സി.പി.എമ്മിന്റെ പിന്തുണയോടെയാണ് പ്രവര്‍ത്തനം. പല മുസ്ലിം രാജ്യങ്ങളിലും ഇസ്ലാമിക ബാങ്കുകള്‍ നന്നായി പ്രവര്‍ത്തിച്ച് വരുന്നുണ്ട്. നിക്ഷേപത്തിന് പലിശ എന്ന സംവിധാനം ഇത്തരത്തിലുള്ള ബാങ്കിന്റെ രീതിയല്ല. കേരളത്തില്‍ ഇസ്ലാമിക ബാങ്ക് തുടങ്ങാനുള്ള പദ്ധതി നേരത്തെ ഉണ്ടായിരുന്നെങ്കിലും നടന്നിരുന്നില്ല.
കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് കീഴിലുള്ള വ്യക്തികളുടെയും സ്ഥാപനത്തിന്റെയും നിക്ഷേപങ്ങള്‍ സ്വീകരിച്ച് തുടങ്ങുന്ന സഹകരണ സംഘം ആ പണം ചെറുകിട ഹോട്ടല്‍ പോലുള്ള സംരംഭങ്ങള്‍ മുടക്കി മറ്റുള്ളവര്‍ക്ക് തൊഴിലും വരുമാനവും ഉണ്ടാക്കുകയാണ് ലക്ഷ്യം.
ഇസ്ലാമിക ബാങ്ക് തുടങ്ങാനുള്ള ആവശ്യം റിസര്‍വ് ബാങ്കിനോട് ഉന്നയിച്ച ഏക സംസ്ഥാനം കേരളമാണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് ഈ നിര്‍ദ്ദേശം റിസര്‍വ് ബാങ്കിന് മുന്നില്‍ വെച്ചെങ്കിലും അതില്‍ നിയമപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തള്ളുകയായിരുന്നു.

ബാങ്കിങ് മേഖലയുമായി ബന്ധപ്പെടാത്ത ഇസ്ലാംമത വിശ്വാസികളെ ആകര്‍ഷിക്കാനാണ് ഇത്തരം സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളെ കുറിച്ച് അറിയാന്‍ എല്ലാ ഏരിയാ കമ്മിറ്റികളിലും ഹെല്‍പ് ഡെസ്‌ക് ആരംഭിക്കാനും തീരുമാനമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button