തൃശൂര്‍: സി.പി.ഐയ്ക്ക് വന്‍ തിരിച്ചടിയായി പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു. കൊഴിഞ്ഞുപോകുന്ന പ്രവര്‍ത്തകര്‍ സി.പി.എമ്മിലേയ്ക്കാണ് ചേക്കേറുന്നത്. തൃശൂര്‍ പാറളം ചേനത്ത് സി.പി.ഐ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സി.പി.എമ്മില്‍ ചേര്‍ന്നതാണ് ഒടുവില്‍ വന്ന റിപ്പോര്‍ട്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളും തമ്മിലുണ്ടായ തര്‍ക്കമാണ് സി.പി.ഐ പ്രവര്‍ത്തകരെ സി.പി.എമ്മിലെത്തിച്ചത്. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
സംസ്ഥാനത്തെ എല്‍.ഡി.എഫില്‍ സി.പി.എം-സി.പി.ഐ തര്‍ക്കം തുടരുന്നതിനിടെയാണ് തൃശൂരില്‍ സി.പി.ഐക്ക് തിരിച്ചടിയായി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സി.പി.എമ്മിലേക്ക് പോയത്. നാട്ടിക നിയമസഭാ മണ്ഡലത്തിലെ ചേനത്താണ് മുന്‍ ലോക്കല്‍ സെക്രട്ടറിയും അമ്മാടം സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായ പി.പി മനോജ്, പാറളം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും എ.ഐ.ടി.യു.സി നേതാവുമായ ടി.കെ മാധവന്‍, പാറളം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെമ്പര്‍ രജനി ഹരിഹരന്‍, തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സി.പി.എമ്മിലേക്ക് പോയത്. ചേനം ജനപക്ഷ മുന്നണി നേതാക്കളും സി.പി.എമ്മിലേക്കെത്തി. പ്രവര്‍ത്തകരെ സ്വീകരിക്കാനെത്തിയ സി.പി.എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ സി.പി.ഐയെ പരോക്ഷമായി വിമര്‍ശിച്ചു. കൂടെ നിന്ന് കുഴിതോണ്ടുന്നവരെന്നായിരുന്നു കെ രാധാകൃഷ്ണന്റെ പരിഹാസം
ഒന്നിച്ച് മുന്നേറാന്‍ വിട്ടുവീഴ്ച ചെയ്യുന്ന പ്രസ്ഥാനമാണ് സി.പി.എം എന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ രജനി ഹരിഹരന് സി.പി.ഐ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. രജനി സ്വതന്ത്രയായി മത്സരിച്ച് ജയിക്കുകയും ചെയ്തു.
Post Your Comments