Latest NewsNewsIndia

ഗുജറാത്ത് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ മലയാളി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയില്‍

കോഴിക്കോട്: 2008ല്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന സ്‌ഫോടനപരമ്പരക്കേസിലെ പ്രധാന പ്രതി മലയാളി. ഈ കേസില്‍ മലപ്പുറംകാരനായ ഷുഹൈബ് പൊട്ടനിക്കലിനെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. അഹമ്മദാബാദില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് അന്വേഷണ സംഘം, കേരള പോലീസ്, ഇന്റലിജന്‍സ് വിഭാഗം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ വലയിലാക്കിയത്. ഷുഹൈബ് കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെ പോലീസ് സംഘം പിടികൂടുകയായിരുന്നു.

സ്‌ഫോടനത്തിന് ശേഷം ഷുഹൈബ് രാജ്യം വിടുകയായിരുന്നുവെന്ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ ജെ.കെ ഭട്ട് പറഞ്ഞു. ഇയാളടക്കം 18 പ്രതികളാണ് സ്‌ഫോടനക്കേസില്‍ ഒളിവില്‍പ്പോയത്. സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബിലെ ഇലക്ട്രോണിക് ചിപ് തയ്യാറാക്കിയ സൈനുദ്ദീന്‍, സര്‍ഫുദ്ദീന്‍ എന്നിവരെ ഷുഹൈബിന് അടുത്ത പരിചയം ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. 2008ല്‍ നടന്ന സ്‌ഫോടനപരമ്പരയില്‍ 56 പേരാണ് കൊല്ലപ്പെട്ടത്. ഈ കേസില്‍ പിടിയിലാകുന്ന 80 -ാം പ്രതിയാണ് ഷുഹൈബ്.

അഹമ്മദാബാദില്‍ സ്‌ഫോടനം നടത്തുന്നതിന് ഇന്ത്യന്‍ മുജാഹിദ്ദീനും ‘സിമി’യ്ക്കും എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തത് ഷുഹൈബ് ആണെന്നാണ് വിവരം. കേസിലെ മുഖ്യപ്രതിയും ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകനേതാവുമായ യാസിന്‍ ഭട്കല്‍ അന്വേഷണ സംഘത്തിന് ഷുഹൈബിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ടായിരുന്നു. 2013 ല്‍ ബിഹാറില്‍ നേപ്പാള്‍ അതിര്‍ത്തിയില്‍വച്ചാണ് ഭട്കലിനെ പിടികൂടിയത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഹൈദരാബാദ് എന്‍ഐഎ കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button