ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബഹിരാകാശ രംഗത്ത് ഇന്ത്യ കുതിപ്പ് തുടരുകയാണ്. അമേരിക്കയെ പിന്തള്ളി ഇന്ത്യ ബഹിരാകാശ രംഗത്ത് ആധിപത്യം ഉറപ്പിയ്ക്കുമെന്നു തന്നെ വിദേശ ശാസ്ത്രജ്ഞര്‍ ശരിവെയ്ക്കുന്നു. ഇപ്പോള്‍ ഇന്ത്യ മറ്റൊരു തന്ത്രപ്രധാനമായ ചുവടുവെപ്പിന് ഒരുങ്ങുകയാണ്.
അതിവേഗ ഇന്റര്‍നെറ്റ് ലഭ്യതയ്ക്കായി മൂന്നു ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ അമേരിക്കയെ പിന്തള്ളി ലോകത്തെ രണ്ടാമത്തെ രാജ്യമായി മാറിയതിന് പിന്നാലെയാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്.അടുത്ത 18 മാസങ്ങള്‍ക്കുള്ളിലാണ് ഐഎസ്ആര്‍ഒ മൂന്ന് വാര്‍ത്താവിനിമയ ഉപഗ്രങ്ങള്‍ വിക്ഷേപിക്കുക.
ഇതില്‍ ആദ്യത്തെ ഉപഗ്രഹമായ ജിസാറ്റ്-19 ജൂണില്‍ വിക്ഷേപിക്കും. ജിഎസ്എല്‍വിഎംകെ -3 ആയിരിക്കും ജിസാറ്റ്-19 നെ ഭ്രമണപഥത്തിലെത്തിക്കുക. തദ്ദേശീയമായി നിര്‍മ്മിച്ച ക്രയോജനിക് എഞ്ചിനാണ് ജിഎസ്എല്‍വിഎംകെ -3 യില്‍ ഉപയോഗിക്കുന്നത്. നാല് ടണ്‍വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഈ പുതിയ റോക്കറ്റ് ഉപയോഗിച്ച് കഴിയും.
ഐഎസ്ആര്‍ഒയുടെ അടുത്തതലമുറ വിക്ഷേപണ വാഹനമായിട്ടാണ് ജിഎസ്എല്‍വിഎംകെ -3യെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. മൂന്ന് ഉപഗ്രഹങ്ങളും പ്രവര്‍ത്തനം തുടങ്ങുന്നതോടെ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം രാജ്യത്താകമാനം ലഭിക്കും. നേരത്തെ വിക്ഷേപിച്ച ജിസാറ്റ് ഉപഗ്രങ്ങളുടെ ഡേറ്റ റേറ്റ് സെക്കന്‍ഡില്‍ ഒരു ജിഗാബൈറ്റ് ആണെങ്കില്‍ ജിസാറ്റ് 19 ഉപയോഗിച്ച് സെക്കന്‍ഡില്‍ നാല് ജിഗാബൈറ്റ് ഡാറ്റാ ട്രാന്‍സ്ഫര്‍ സാധ്യമാകും. അതായത് നാല് ഉപഗ്രഹത്തിന്റെ ഫലം ഇതിലൂടെ കിട്ടുന്നു. ജിസാറ്റ് 19 നെക്കാള്‍ ഭാരമേറിയ ജിസാറ്റ് 11 ഈ വര്‍ഷം അവസാനം വിക്ഷേപിക്കും.
Post Your Comments