Latest NewsKeralaNewsEditorial

നമ്മുടെ ഇടയിൽ ജീവിക്കുന്ന ഭരത് ചന്ദ്രന്മാരെയും ആക്ഷൻ ഹീറോ ബിജുമാരെയും തിരിച്ചറിയുക; പത്തു വർഷം പൂർത്തിയാക്കിയ സമർത്ഥരായ പതിനൊന്നു എസ്ഐ വ്യക്തിത്വങ്ങളെകുറിച്ചു ബീഗം ആഷാ ഷെറിൻ എഴുതുന്നു

പോലീസിനെ കുറിച്ച് നെഗറ്റീവ് കാര്യങ്ങൾ മാത്രം വൈറൽ ആവുന്നത് നാം പലപ്പോഴും കാണുന്ന വസ്തുത തന്നെ. എന്നാൽ ഈ പോലീസുകാർ സമൂഹത്തിനു നൽകുന്ന ഉദാത്ത സേവനങ്ങൾ നാം അറിയാതെ പോവുന്നു എന്നതാണ് സത്യം. അത്തരം സത്യങ്ങൾ ആധാരമാക്കിയാണ് ഈ ലേഖനം. ഓരോ നിമിഷവും നാം ശാന്തമായി, സമാധാനമായി ചിലവഴിക്കുന്ന ഈ ജീവിതം പോലീസ് എന്ന മൂന്നക്ഷരം നൽകുന്ന സുരക്ഷിതത്വം ഒന്നുകൊണ്ടു മാത്രമെന്ന് പറയാതെ വയ്യ. പോലീസ് എന്ന സുരക്ഷ ഇല്ലാത്ത അവസ്ഥ നമ്മുടെ ജീവിതം എത്രകണ്ട് സുരക്ഷിതമെന്നു എപ്പോഴെങ്കിലും നാം ഓർത്തു നോക്കിയിട്ടുണ്ടോ…?.

ആഘോഷങ്ങളും, ഉത്സവങ്ങളും, സങ്കടങ്ങളും, സന്തോഷങ്ങളും പ്രിയപ്പെട്ടവരുടെ കൂടെ പങ്കുചേരാൻ ആവാതെ, രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ അഹോരാത്രം ജോലി ചെയ്യുന്ന ഈ സുരക്ഷാ വിഭാഗത്തെ, ചില സ്വാർത്ഥ താല്പര്യ ഉദ്യോഗസ്ഥരുടെ, ജീവനക്കാരുടെ പ്രവർത്തിയുടെ അളവുകോൽ കൊണ്ട് അളക്കുന്ന നാം, അതിലെ ഭൂരിപക്ഷ നന്മയുടെ പ്രതീകങ്ങളെ വിസ്മരിക്കുകയല്ലേ വാസ്തവത്തിൽ ചെയ്തുപോരുന്നത്. അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ നമ്മൾ കണ്ടില്ലെന്ന് നടിക്കുന്നു. ഇനി ലേഖനത്തിന്റെ ഉള്ളടക്കത്തിലേക്ക് വരാം..

പോലീസ് സേനയിലെ കഴിഞ്ഞ പത്തുവർഷം പൂർത്തിയാക്കിയ നിസ്വർത്ഥ സേവകരായ പതിനൊന്നു ചുണകുട്ടികളെ പരിചയപ്പെടുത്തുന്നു ഈ എന്റെ എളിയ വാക്കുകളിലൂടെ…

സത്യസന്ധതയുടെയും, ആത്മാർത്ഥതയുടെയും പത്തു വർഷങ്ങൾ തികച്ച ഇവർക്ക് അഭിനന്ദനങ്ങൾ. എന്നുകരുതി ബാക്കി ആരും മോശക്കാരെന്നല്ല.

ആദ്യമേ ഒന്നാം റാങ്കുകാരനായ ശ്രീ.ഗോപകുമാർ വിശ്വനാഥ്. കൃത്യനിർവഹണത്തിൽ സത്യത്തിന്റെ പാതയിൽ നിന്നും അണുവിട തെറ്റാത്ത മിടുമിടുക്കൻ. കേരള ജനതയെ നടുക്കിയ ഫോർട്ട് കൊച്ചി ബലാൽസംഗക്കേസിലെ പ്രതികളെ ഷാഡോ എസ്ഐ ആയിരുന്ന ഇദ്ദേഹമാണ് പിടികൂടിയത്.

രണ്ടു വർഷത്തിൽ കൂടുതൽ ഒരു സ്റ്റേഷനിൽ ഇരുന്ന എസ്ഐ ശ്രീ.ശിവകുമാർ. രണ്ടു വർഷം തുടർച്ചയായി എന്നത് നേരിന്റെ നേരായ ഒരു ഉദ്യോഗസ്ഥന് വിരളമായി ലഭിക്കുന്ന അംഗീകാരം മാത്രം. ഇപ്പോൾ ക്രൈം ബ്രാഞ്ച് എസ്ഐ ആയ ഇദ്ദേഹം മുൻപ് തമ്പാനൂർ മ്യൂസിയം കന്റോൺമെന്റ് എസ്ഐ ആയി പ്രവർത്തിച്ചിട്ടുമുണ്ട്.

അടുത്തത് പൂജപ്പുരയ്ക്ക് പ്രിയപ്പെട്ട എസ്ഐ ആയിരുന്ന ശ്രീ.രാകേഷ്. ഇദ്ദേഹം മുൻപ് കോവളം, പോത്തൻകോട് സ്റ്റേഷനുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പരാതിക്കാരന്റെ കാതലായ പ്രശ്നങ്ങളിൽ കടുത്ത തീരുമാനമെടുത്തും, ന്യായമായ സേവനം ചെയ്തും മാതൃകയായ ഉദ്യോഗസ്ഥൻ. പൊതുജനങ്ങളെ രാഷ്ട്രീയക്കാർ കാണുന്നതുപോലെ കഴുതകളായി കാണാതെ, മാനുഷിക പരിഗണന കൊടുത്ത്, നീതിയുക്തമായ തീരുമാനങ്ങളെടുക്കന്ന വ്യക്തിത്വത്തിനുടമ.

ഇനി പറയാനുള്ളത് അയിരൂരും, ആറ്റിങ്ങലും എസ്ഐ ആയിരുന്ന, ഇപ്പോൾ തിരുവനന്തപുരം ഷാഡോ എസ്ഐ ആയ ശ്രീ. പ്രശാന്ത്.വി.എസിനെ കുറിച്ചാണ്. അയിരൂർ പുതിയ പോലീസ് സ്റ്റേഷൻ വന്ന സമയത്ത് അവിടെ എസ്ഐ ആയിവന്ന ഇദ്ദേഹമാണ് പ്രദേശത്തെ ഗുണ്ടാവിളയാട്ടം അവസാനിപ്പിച്ച് ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാനുള്ള അന്തരീക്ഷം കൊണ്ടുവന്നത് എന്നത് എടുത്തുപറയേണ്ട ഒന്നുതന്നെ.

നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന മ്യൂസിയം സ്റ്റേഷനും, അതുപോലെ ഗുണ്ടാവിളയാട്ടത്തിന്റെ കേന്ദ്രമായ കഴക്കൂട്ടത്തും എസ്ഐ ആയി പ്രവർത്തിച്ച് മോഷണ പരമ്പരകളും, ഗുണ്ടാവിളയാട്ടവും അവസാനിപ്പിച്ച ശ്രീ.സജി ശങ്കർ ആണ് ഈ 11 ലെ അഞ്ചാമൻ. ഗുണ്ടകളോടു ഗുണ്ടയായും, ന്യായത്തിന് കൂട്ടായും പ്രവർത്തിക്കുന്ന ഈ മിടുക്കാനെ ഇനിയും പ്രകീർത്തിക്കാൻ വാക്കുകളില്ല.

വർക്കല, പോത്തൻകോട് എന്നീ സ്റ്റേഷനുകളിൽ ജോലി ചെയ്ത ശ്രീ.പ്രവീൺ.ജെ യെകുറിച്ച് പറയാം. തിരുവനന്തപുരത്തെ ഒട്ടുമിക്ക സ്റ്റേഷനുകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കാരണം മുകളിൽ പറഞ്ഞു കഴിഞ്ഞല്ലോ…. നിസ്വാർത്ഥ സേവകന് ദിവസങ്ങൾ മാത്രമേ ഭരണ മേലാളന്മാർ നൽകൂ എന്നത് നാം ഏവർക്കും അറിയുന്ന സത്യം.

നെടുമങ്ങാട്ടുള്ള ജനങ്ങൾക്ക് ഏറെ പ്രിയങ്കരനായ ശ്രീ.ഷിബുകുമാർ ജനപ്രിയനും മിതഭാഷിയുമാണ്. പ്രമാദമായ വെള്ളറട വില്ലേജ് ഓഫീസ് കത്തിച്ച കേസിൽ നീതിയുക്തമായ നടപടി എടുത്ത അദ്ദേഹം വളരെ അഭിനന്ദനം അർഹിക്കുന്നു.

മെഡിക്കൽ കോളേജിലും, ശേഷം ഫോർട്ട് സ്റ്റേഷനിലും പ്രവർത്തിക്കുന്ന ശ്രീ. ഷാജിമോൻ ആണ് അടുത്തത്. ജനോപകര പ്രവർത്തനം കൊണ്ട് ജനമനസ്സുകൾ കീഴടക്കിയ സേവകൻ എന്ന് ചുരുക്കി പറയാം.

പാറശ്ശാലയുടെ ആക്ഷൻ ഹീറോ ബിജുവായ പ്രവീൺ തന്നെ അടുത്ത അഭിനന്ദനം അർഹിക്കുന്ന വ്യക്തിത്വം. സിനിമയിലെ നായകൻ ബിജുവിനെ ഒരൽപ്പം കവച്ചുവയ്ക്കുന്ന ഇദ്ദേഹത്തെ ഇതിൽപ്പരം പറയാൻ വാക്കുകൾ ഇനിയുമേറെ.

കൊച്ചി സ്പെഷ്യൽ ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ശ്രീ.വിജയശങ്കർ ആണ് മറ്റൊരു മിടുക്കൻ. സമൂഹത്തിന്റെ സമസ്ത മേഖലയിലുമുള്ള ജനവിഭാഗത്തെ തന്റെ സേവന മനസ്സുകൊണ്ട് പൊതിഞ്ഞു സൂക്ഷിച്ച സംരക്ഷകൻ എന്ന വാക്കുകൾ തികയാതെ വരുന്നു ഇദ്ദേഹത്തിന്റെ പ്രവർത്തിയെ വർണ്ണിക്കാൻ.

കൊല്ലം സ്പെഷ്യൽ ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ശ്രീ.ഗോപകുമാർ, ഇദ്ദേഹം നേരത്തെ ചവറ സ്റ്റേഷനിൽ പ്രവർത്തിച്ചിട്ടുമുണ്ട്. വളരെ നിഷ്പക്ഷമായ തീരുമാനങ്ങൾ കൈക്കൊള്ളുന്ന ഇദ്ദേഹം ജനമനസുകളിൽ മുൻപിൽ നിൽക്കുന്നു. രാഷ്ട്രീയവും, കൊടിയുടെ നിറവും നോക്കാതെ നല്ലൊരു ജനസേവകൻ എന്നതിലപ്പുറം, നന്മയുടെ, നീതിയുടെ സംരക്ഷകനെന്നും ഇദ്ദേഹത്തെ ഉപമിക്കാതെ വയ്യ.

പോലീസ് ഉദ്യോഗസ്ഥൻ എന്നത് വാക്കിനെക്കാളുപരി പ്രവർത്തികൊണ്ടു തെളിയിച്ച ഇവർ, എന്തായിരിക്കണം ഒരു മേലുദ്യോഗസ്ഥനെന്നും, സഹപ്രവർത്തകനെന്നും മറ്റുള്ളവരുടെ വാക്കിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തിയ മിടുമിടുക്കർ മാത്രം. ഇവരെയും, ഇവരുടെ പ്രവർത്തനങ്ങളേയും മാതൃകയാക്കി, ഇവരെപോലെ പോലീസ് സേനയിൽ എന്തെങ്കിലുമൊക്കെ ചെയ്യുണമെന്ന് മറ്റുള്ള കുറച്ചു പോലീസുകാർക്ക് ധൈര്യവും പ്രചോദനവുമാകുന്നതും ധീരോദാത്തമായ ഈ ഉദ്യോഗസ്ഥരുടെ ആത്മാർത്ഥതയും, സത്യസന്ധതയും, ധീരതയും ഒന്നുമാത്രം എന്നത് എടുത്തുപറയേണ്ട വാക്കുകൾ തന്നെ. എന്ത് വിഷയം നടന്നാലും ഒരു ആന്റി പോലീസ് വിഭാഗം ഉണ്ടാകാറുണ്ട്. ഈ ലേഖനത്തെപ്പോലും നെഗറ്റീവ് ആയി കാണുന്നവരുണ്ടാകാം.

എന്തുകൊണ്ട് നാം ചിന്തിക്കുന്നില്ല…പോലീസുകാർ നന്നാകണമെങ്കിൽ നമ്മൾ ജനങ്ങൾ നന്നാകണമാദ്യം എന്ന വസ്തുത..?. നമ്മളുൾപ്പെട്ട സമൂഹത്തിൽ നിന്നു തന്നെ പോലീസ് ഉണ്ടാകുന്നത്. അതല്ലാതെ അന്യഗ്രഹത്തിൽ നിന്നുമ്മല്ലല്ലോ. ഇതു പോലെയുള്ള ചങ്കൂറ്റമുള്ള, നട്ടെല്ലുള്ള ഉദ്യോഗസ്ഥൻമാരുടെ പരിഛേദനങ്ങളിൽ നിന്നാണ് ആക്ഷൻ ഹീറോ ബിജുവും, ഭരത്ചന്ദ്രൻ ഐപിഎസ്സും ഉണ്ടായിരിക്കുന്നത്. നമ്മുടെ നാടിന്റെ മുതൽക്കൂട്ടായ ഈ പതിന്നൊന്നു മിടുമിടുക്കന്മാർക്കും, ഒപ്പം ആത്മാർഥമായ ഇവരുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന നന്മയേകുന്ന മറ്റു പോലീസ് സഹോദരർക്കും എന്റെ ഹൃദയത്തിൽ നിന്നും ഒരായിരം സല്യൂട്ട്…

പ്രശംസനീയമായ പ്രവർത്തനങ്ങളിലൂടെ നാടിനെ നേർവഴിയിലെത്തിക്കാൻ ശ്രമിക്കുന്ന എന്റെ ഈ സഹോദരങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ…

shortlink

Related Articles

Post Your Comments

Related Articles


Back to top button