ന്യൂഡല്‍ഹി: രാജ്യത്ത് പത്ത് ആണവ റിയാക്ടറുകള്‍ തദ്ദേശീയമായി നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്രമന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. രാജ്യത്ത് ആദ്യമായാണ് ആണവോര്‍ജരംഗത്തെ ഇത്രയും ബൃഹത്തായ പദ്ധതിക്ക് ഒറ്റയടിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കുന്നത്.
ഈ പത്തെണ്ണവും പൂര്‍ത്തിയാകുമ്പോള്‍ ഓരോന്നും 700 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്നും ആകെ 7000 മെഗാവാട്ട് അധിക ഊര്‍ജം രാജ്യത്ത് കൂട്ടിച്ചേര്‍ക്കപ്പെടുമെന്നും കേന്ദ്ര ഊര്‍ജ-കല്‍ക്കരി മന്ത്രി പിയൂഷ് ഗോയല്‍ മന്ത്രിസഭാ തീരുമാനമറിയിച്ചുകൊണ്ടുപറഞ്ഞു. 70,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
രാജസ്ഥാനിലെ മഹി ബന്‍സ്വര, മധ്യപ്രദേശിലെ ചുട്ക, കര്‍ണാടകയിലെ കൈഗ, ഹരിയാനയിലെ ഗൊരഖ്പൂര്‍ എന്നിവിടങ്ങളിലായാണ് പത്ത് സമ്മര്‍ദിത ഘനജല റിയാക്ടറുകള്‍ (പി.എച്ച്.ഡബ്ല്യു.ആര്‍) സ്ഥാപിക്കുക.
ആണവോര്‍ജകരാറില്‍ ഒപ്പുവെക്കുകയും ആണവസാമഗ്രികള്‍ കിട്ടാന്‍ വഴിയൊരുങ്ങുകയും ചെയ്തിട്ടും വിദേശരാജ്യങ്ങളില്‍ നിന്ന് സാങ്കേതികവിദ്യയും സാമഗ്രികളും കൈമാറിക്കിട്ടുന്നതിലെ കാലതാമസം തുടരുന്നതിനിടെയാണ് ഘനജല റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി കേന്ദ്രം മുന്നോട്ടുനീക്കുന്നത്.
ഇന്ത്യയുടെ ഇപ്പോഴത്തെ ആണവോര്‍ജ ഉല്‍പാദനശേഷി 22 പ്ലാന്റുകളില്‍ നിന്നായി 6780 മെഗാവാട്ടാണ്. 2021-22 ആവുമ്പോഴേക്ക് മറ്റൊരു 6700 മെഗാവാട്ട് കൂടി ഉല്‍പാദിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി രാജസ്ഥാന്‍, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ റിയാക്ടറുകളുടെ നിര്‍മാണം നടന്നുവരുന്നു. ഇതിന് പുറമെയാണ് പത്ത് റിയാക്ടറുകളില്‍ നിന്നുള്ള 7000 മെഗാവാട്ട് കൂടി എത്തുക.
പൂര്‍ണമായും തദ്ദേശനിര്‍മിതമായതിനാല്‍ രാജ്യത്തെ കമ്പനികള്‍ക്കാണ് വന്‍ പദ്ധതിയുടെ ഓര്‍ഡറുകള്‍ ലഭിക്കുക. 33,400 പേര്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ തൊഴില്‍ ലഭിക്കാന്‍ നിലയനിര്‍മാണം വഴിയൊരുക്കുമെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതയെന്നു മന്ത്രി പിയൂഷ് ഗോയല്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments